Advertisement

തൊഴിൽ ദാതാക്കളാകുന്ന ഏജന്റുമാർ; ആരെയൊക്കെ വിശ്വസിക്കാം?

April 19, 2024
Google News 3 minutes Read
Things to remember while looking for a job

വിദേശ രാജ്യങ്ങളിലെ വ്യാജ ജോലി തട്ടിപ്പ് കേസുകളെക്കുറിച്ച് നമ്മൾ ധാരാളം കേൾക്കാറുണ്ട്. പലപ്പോഴും വിശ്വസിച്ച് ഏൽപ്പിക്കുന്ന ഏജന്റുമാർ തന്നെയാകും ജോലി തേടി പോകുന്നവരെ ചതിക്കുന്നത്. നിയമസഹായം പോലും ലഭിക്കാതെ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്ന യുവത്വം ഇത്തരം വിഷയങ്ങൾ വേണ്ട ശ്രദ്ധയോടെ പുറംലോകത്തെത്തിക്കാൻ പോലും തയ്യാറാകാറില്ല.

ഇതിന് മുൻപ് വ്യാജ വിദേശ ജോലികൾക്കും നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾക്കും എതിരെ കേന്ദ്രസർക്കാർ തലത്തിൽ നിന്ന് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ രജിസ്റ്റർ ചെയ്യാത്ത റിക്രൂട്ട്‌മെന്റ് ഏജന്റുമാർ, വഞ്ചിക്കപ്പെടുന്ന തൊഴിലന്വേഷകർ എന്നിവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് കൊണ്ടുപോകാൻ രണ്ട് മുതൽ അഞ്ച് ലക്ഷം വരെയാണ് ഏജന്റുമാർ അധികമായി ഈടാക്കുന്നത്.

വ്യാജ ജോലി വരുന്ന വഴി

സോഷ്യൽ മിഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെയും ടെക്‌സ് മെസേജിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമാണ് ഇന്ന് തൊഴിൽ തട്ടിപ്പുകൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തുന്നത്. ഈ നിയമവിരുദ്ധ ഏജന്റുമാർ അവരുടെ ഇടപാടുകളെ കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് കൈമാറുക.

സോഷ്യൽ മിഡിയ വഴി അന്വേഷണം തുടങ്ങി വിവരങ്ങൾ കൈമാറൽ ഘട്ടം വാട്‌സ്ആപ്പിലെത്തും. ഇത്തരം നിയമവിരുദ്ധ ഏജൻസികൾ സാധാരണയായി വാട്‌സ്ആപ്പിലൂടെ മാത്രമേ ആശയവിനിയമം നടത്തൂ. അതുകൊണ്ടുതന്നെ ഇവരുടെ യഥാർത്ഥ സ്ഥലം, സ്ഥാപനം, ഐഡന്റിറ്റി മുതലയാവ കണ്ടെത്താൻ എളുപ്പം സാധിക്കില്ല. ബുദ്ധിമുട്ടും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികളെ എളുപ്പം കണ്ടെത്തുകയാണ് ഇവരുടെ ജോലി. ഇത്തരം ബുദ്ധിമുട്ടുകളെല്ലാം മറച്ചുവച്ചായിരിക്കും ഏജന്റുമാർ ജോലിയുടെ സ്വഭാവം ഉദ്യോഗാർത്ഥികളോട് സംവദിക്കുന്നത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളെല്ലാം തൊഴിൽ തട്ടിപ്പിനായി ഉദ്യോഗസ്ഥർ ചെന്നുപെടുന്ന സ്ഥലങ്ങളാണ്.

വ്യാജ വാഗ്ദാനങ്ങളിൽ വീഴുന്നത് എങ്ങനെ ഒഴിവാക്കാം?

വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനൊപ്പം സാധുതയുള്ള തൊഴിൽ ഓഫറും സാധാരണയായി ലഭിക്കും. ഇവയെല്ലാം കൃത്യമാണോ എന്ന് പരിശോധിക്കുകയാണ് തട്ടിപ്പിൽപ്പെടാതിരിക്കാനുള്ള പ്രധാന മാർഗമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. വാഗ്ദാനം ചെയ്യുന്ന ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴിൽ കരാറിൽ സൂചിപ്പിക്കണം. അതുപോലെ ടൂറിസ്റ്റ് വിസയാണ് കിട്ടുന്നതെങ്കിൽ ഓർക്കുക അത് ടൂറിന് വേണ്ടി മാത്രമുള്ളതാണ്. അംഗീകൃത വിദേശ തൊഴിൽ ഉടമകളാണെങ്കിൽ വിമാനടിക്കറ്റും ഇൻഷുറൻസ് കവറേജും അടക്കമുള്ള ചെലവുകൾ അവർ തന്നെ വഹിക്കും. പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ കുറിച്ചും പ്രാദേശിക സ്ഥിതിയെ കുറിച്ചും തൊഴിലാളികളും ഒരന്വേഷണം നടത്തിയിരിക്കണം. ഇതിനായി പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ ട്രെയിനിംഗ് (പിഡിഒടി) സെന്ററുകളിൽ നിന്നോ ഇന്ത്യൻ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ വിംഗിൽ നിന്നോ വിവരങ്ങൾ നേടാം.

രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവാസി ഭാരതീയ ബീമാ യോജന (പിബിബിവൈ) എന്ന ഇൻഷുറൻസ് സ്‌കീമിലുണ്ടായിരിക്കണം. മരണം സംഭവിച്ചാലും ജോലിക്കിടെ പരുക്കേറ്റാലും തൊഴിലാളികൾക്ക് ഇൻഷുറൻസ് നൽകുന്നതാണിത്. അതുപോലെ രജിസ്റ്റർ ചെയ്ത എല്ലാ ഏജൻസികൾക്കും ഒരു ലൈസൻസ് നമ്പർ നൽകിയിട്ടുണ്ടാകും. അതവരുടെ ഓഫീസ് പരിസരങ്ങളിലും പരസ്യങ്ങളിലുമെല്ലാം പ്രദർശിപ്പിച്ചിരിക്കണം. www.emigrate.gov.in എന്ന സർക്കാർ വെബ്സൈറ്റിൽ പ്രവർത്തന സജ്ജമായി നിൽക്കുന്ന ഏജൻസികളെ കുറിച്ച് വിവരങ്ങൾ ലഭിക്കും. അവ സൂക്ഷ്മമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണം.

എമിഗ്രേഷൻ ആക്ട് 1983 പ്രകാരം രാജ്യത്തെ ഒരു റിക്രൂട്ടിങ് ഏജൻസിയും തൊഴിലന്വേഷകരിൽ നിന്ന് 30000 രൂപയിൽ(18%ജിഎസ്ടി ഉൾപ്പെടെ) കൂടുതൽ ഈടാക്കാൻ പാടില്ല. തൊഴിൽ തട്ടിപ്പിൽപ്പെട്ട് പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ കടന്ന് പോകും എന്നതിനപ്പുറം വലിയ കടബാധ്യതയാണ് തട്ടിപ്പുകാർ മൂലം ഉദ്യോഗാർത്ഥികൾക്കുണ്ടാകാൻ പോകുന്നത്. രജിസ്റ്റർ ചെയ്യാത്ത ഏജൻസികൾ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നത് എമിഗ്രേഷൻ ആക്റ്റ് 1983 ന്റെ ലംഘനമാണെന്നും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അധികൃത റിക്രൂട്ടിങ് ഏജൻസികളെ കണ്ടെത്താൻ 2023ൽ ഡൽഹി പൊലീസ് ഒരു ഓപറേഷൻ നടത്തിയിരുന്നു. റെയ്ഡിൽ ഇനാമുൽ ഹഖ് എന്ന മുഖ്യ പ്രതി ഉൾപ്പെടെ ഏഴുപേരാണ് ബിഹാറിൽ നിന്ന് അറസ്റ്റിലായത്. ദുബായിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കലായിരുന്നു ഇവരുടെ പ്രധാന പണി. ഉയർന്ന കൺസൾട്ടേഷൻ ഫീസും ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കി. മാത്രവുമല്ല സ്വന്തമായി ഓഫീസ് അടക്കമുണ്ടായിരുന്നു. ഇരകളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതിന് പിന്നാലെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഇരകളിൽ കേരളത്തിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. പലരും ഇത് പുറംലോകത്തെത്തിക്കാൻ മടിച്ചു. പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജ സ്റ്റാമ്പുകളും വ്യാജ ആധാർ കാർഡുകളുമുള്ള 110 ഓളം പാസ്പോർട്ടുകൾ കണ്ടെത്തി. വിദേശത്ത് ജോലി തേടുന്നവർ മാത്രമല്ല ഇന്ന് ഫ്രീലാൻസുകാരും വർക്ക് ഫ്രം ഹോം ശ്രമിക്കുന്നവരും തൊഴിൽ തട്ടിപ്പിൽ ചെന്നുപെടുന്നത് വ്യാപകമാണ്.

തൊഴിൽ തട്ടിപ്പുകളുടെ തരങ്ങൾ

*പ്രശസ്ത കമ്പനികളിൽ നിന്നുള്ള വ്യാജ തൊഴിൽ ഓഫറുകൾ

ഇന്ത്യൻ/ആഗോള കോർപറേഷനുകളുടെ പ്രതിനിധികളായി വേഷമിട്ടാകും മിക്കവാറും നമുക്ക് മുന്നിലെത്തുന്ന തട്ടിപ്പുകാർ. ‘നിങ്ങളുടെ ബയോഡാറ്റ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അഭിമുഖത്തിനെത്തണം’, ഉടൻ ജോലിക്ക് ഉടൻ വിളിക്കുക’ തുടങ്ങിയ സന്ദേശങ്ങളുടെയും ഇമെയിലുകളുടെയും രൂപത്തിൽ തട്ടിപ്പെത്താം. പ്രശസ്ത കമ്പനികളിൽ നിന്നുള്ള വ്യാജ തൊഴിൽ ഓഫറുകളാകാം ഇവയെല്ലാം.

*പ്ലേസ്മെന്റ് ഏജൻസി വഞ്ചന

സത്യസന്ധമല്ലാത്ത പ്ലെയ്സ്മെന്റ് ഏജൻസികളാണ് ഇവിടെ പ്രതികൾ. നിലവിലില്ലാത്ത കമ്പനികളിലേക്കോ അല്ലെങ്കിൽ നിലവിലില്ലാത്ത സ്ഥാനത്തേക്കോ ആയിരിക്കും ജോലി വാഗ്ദാനം ചെയ്യുന്നത്. പേയ്മെന്റ് നടത്തിക്കഴിഞ്ഞാൽ ഏജൻസികൾ അപ്രത്യക്ഷമാകും.

*വിസ തട്ടിപ്പുകൾ

തൊഴിൽ തട്ടിപ്പിൽ സാധാരണയായി കേൾക്കുന്ന പേരാണ് വിസ തട്ടിപ്പ്. ഈ ചതിക്കുഴിയിൽപ്പെടുന്നവർ വിദേശത്തെത്തിയ ശേഷമായിരിക്കും തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. വിസാ തട്ടിപ്പിനെ ചെറുക്കാൻ കേരളാ പൊലീസും സംസ്ഥാന സർക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിലുണ്ട്.

*നിയമാനുസൃത ജോബ് പോർട്ടലുകൾ ദുരുപയോഗം ചെയ്യുക

നൗക്രി, ഷൈൻ തുടങ്ങിയ സുസ്ഥിരമായ തൊഴിൽ പോർട്ടലുകളിലൂടെ പലരും ജോലി തേടാറുണ്ട്. എന്നാൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കും വ്യാജന്മാരുണ്ടെന്നത് ശ്രദ്ധിക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലഭിക്കുന്ന സന്ദേശങ്ങളിലും, വെബ്‌സൈറ്റുകളിലും അതീവ ശ്രദ്ധ വേണം. അക്ഷരത്തെറ്റുകൾ, വ്യാകരണ പിശകുകൾ,വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങൾ ഇല്ലാതിരിക്കുക എന്നിവ കണ്ടാൽ സംശയിക്കാം തട്ടിപ്പുകാരാണെന്ന്. മറ്റൊന്ന്, ശരിയായ അഭിമുഖമോ ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രക്രിയയോ ഇല്ലാതെ ജോലി ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക. യഥാർത്ഥ നിയമന നടപടിക്രമങ്ങൾ സമഗ്രവും കൃത്യവുമായിരിക്കും. ഇതോടൊപ്പം റിക്രൂട്ടറുടെ സോഷ്യൽ മിഡിയ അക്കൗണ്ടുകൾ പരിശോധിക്കുകയും വെബ്‌സൈറ്റിൽ about us എന്ന ഭാഗം പരിശോധിക്കുകയും ചെയ്യുക. ജോലി കിട്ടാൻ പണം നൽകണമെന്ന് പറയുകയോ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യപ്പെടുകയോ ചെയ്താൽ തട്ടിപ്പാണെന്ന് ഉറപ്പിക്കാം.

തട്ടിപ്പിൽ പെട്ടാൽ….

തൊഴിൽ തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയാൽ റിക്രൂട്ടറുമായുള്ള ആശയവിനിമയം ഉടൻ നിർത്തണം. നിങ്ങളെ ബന്ധപ്പെടുന്ന ഇമെയിൽ, ഫോൺ നമ്പർ എന്നിവയെല്ലാം ഉടൻ ബ്ലോക്ക് ചെയ്യുക. അടുത്ത പടിയായി സൈബർ പൊലീസിൽ പരാതി നൽകുക. തട്ടിപ്പുകാരുമായുള്ള ആശയവിനിയത്തിന്റെ എല്ലാ തെളിവുകളും (പ്രധാനമായും ഡിജിറ്റൽ) സൂക്ഷിക്കുക. സാമ്പത്തിക വിവരങ്ങൾ കൈമാറിയിട്ടുണ്ടെങ്കിൽ ആ വിവരം ബാങ്കിനെ അറിയിക്കുക. ക്രെഡിറ്റ് റിപ്പോർട്ടുകൾ സ്ഥിരമായി പരിശോധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധരുടെ നിയമോപദേശം തേടുക.

Story Highlights : Things to remember while looking for a job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here