Advertisement

വാവേയുടെ രണ്ടാം വരവിൽ കാലിടറി വീണ് ആപ്പിൾ; ചൈനയിലേറ്റ തിരിച്ചടി അമേരിക്കയ്ക്കുമുള്ള മറുപടി

April 28, 2024
Google News 3 minutes Read
Huawei

ഇടവേളയ്ക്കുശേഷം വിപണിയിൽ തിരിച്ചെത്തിയ ചൈനയിലെ പ്രാദേശിക ബ്രാൻഡുകളുടെ കുതിപ്പിൽ കാലിടറി ആപ്പിൾ ഐഫോണുകൾ. വാവേ (huawei) ടെക്നോളജി കമ്പനിയിൽ നിന്നാണ് ആപ്പിളിന് ഏറ്റവും വലിയ വെല്ലുവിളി ഉയർന്നിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നും കടുത്ത വിലക്കുകൾ നേരിട്ട് വിപണിയിൽ പിന്നോട്ട് പോയശേഷം കമ്പനിയുടെ തിരിച്ചുവരവ് അമ്പരപ്പിക്കുന്ന നിലയിലാണ്. അമേരിക്ക തടഞ്ഞുവെച്ചതെല്ലാം സ്വന്തമായി വികസിപ്പിച്ചെടുത്താണ് കമ്പനി വിപണിയിൽ കുതിക്കുന്നത്. കഴിഞ്ഞവർഷം കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോൺ അമേരിക്കയെ പോലും അമ്പരപ്പിച്ചു. തങ്ങളുടെ എല്ലാ വിലക്കുകൾക്കും അപ്പുറം ഇവർ എങ്ങനെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി എന്നതാണ് അതിനു കാരണം. ( Huawei beats Apple in China’s smartphone market )

സാങ്കേതികവും ഭൗമശാസ്ത്രപരവുമായ തടസ്സങ്ങൾ മറികടന്നുള്ള ഈ മുന്നേറ്റത്തിൽ ചൈനയിൽ പൊടുന്നനെ തിരിച്ചടിയേറ്റത് ആപ്പിൾ കമ്പനിയുടെ ആധിപത്യത്തിനാണ്. വാവേ പുറത്തിറക്കിയ പുതിയ സ്മാർട്ട്ഫോണുകൾ ആപ്പിൾ ഐഫോണുകൾക്കെതിരെ തുറന്ന മത്സരമായി. ഇതിലൂടെ ആപ്പിളിന്റെ ചൈനയിലെ നിലനിൽപ്പ് പോലും അപകടത്തിലാകുന്ന സ്ഥിതിയാണ്.

Read Also: സ്പെക്ട്രം വിതരണത്തിൽ ലേലം ഒഴിവാക്കേണ്ട സാഹചര്യമുണ്ട്; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

കഴിഞ്ഞവർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15 സീരീസ് ചൈനയിൽ വിറ്റഴിക്കപ്പെട്ടത് വളരെ മോശം നിലയിലായിരുന്നു. വാവേ പോലുള്ള എതിരാളികളിൽ നിന്നുണ്ടായ കടുത്ത മത്സരമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഐഫോൺ 14 നെ അപേക്ഷിച്ച് ഐഫോൺ 15 വിൽപ്പന നാലര ശതമാനം താഴേക്ക് പോയി. ഫോൺ പുറത്തിറക്കി ആദ്യത്തെ 17 ദിവസത്തെ കണക്കുകൾ വിശകലനം ചെയ്ത് കൗണ്ടർപോയിന്റ് റിസർച്ചാണ് ഇക്കാര്യം പറഞ്ഞത്. വാവേ ചൈനീസ് വിപണിയിൽ ആപ്പിളിനെ തീർത്തും നിഷ്പ്രഭരാക്കിയെന്നും ഇതിലൂടെ ഐഫോൺ 15 വിൽപ്പന രണ്ടക്ക ശതമാനം ഇടിഞ്ഞു എന്നുമാണ് ജഫറീസ് അനലിസ്റ്റ് എന്ന സ്ഥാപനം റിപ്പോർട്ട് ചെയ്തത്.

മേറ്റ്‌ 60 പ്രോ സ്മാർട്ട്ഫോണാണ് വാവേക്ക് വൻ കുതിപ്പ് സാധ്യമാക്കിയത്. 2024 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ ചൈനയിൽ ആപ്പിൾ ഐഫോണുകളുടെ വില്പന 19% ഇടിഞ്ഞിരുന്നു. 2020 നു ശേഷം ചൈനയിൽ കമ്പനിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ഇതിന് പിന്നാലെ ആഗോള വിപണിയിൽ ആപ്പിൾ 19.7 ശതമാനത്തിൽ നിന്ന് 15.7 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം വാവേയുടെ വില്പന 70% കുതിച്ചു. കഴിഞ്ഞ ആഴ്ച പുര 70 സീരിയസ് പുറത്തിറക്കിയ വാവേ വിപണിയിൽ വീണ്ടും വലിയ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. വിലയിൽ ഒപ്പോയും വിവോയും ഷവോമിയും വൻ മത്സരം ആപ്പിളിനു മുന്നിൽ വയ്ക്കുമ്പോൾ, ഹൈ എന്റ് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയാണ് വാവേ വലിയ മുന്നേറ്റം സാധ്യമാക്കുന്നത്.

സ്വന്തം ചിപ്പ്

സ്വന്തമായി വികസിപ്പിച്ചെടുത്ത ചിപ്പ് ആണ് വാവേയ്ക്ക് കരുത്താകുന്നത്. അവരുടെ ഏറ്റവും പുതിയ അഡ്വാൻസ്ഡ് പ്രോസസർ ചൈനീസ് നിർമ്മിതമാണ്. കഴിഞ്ഞവർഷമാണ് ഇത് പുറത്തിറക്കിയത്. ഇതിലൂടെയാണ് ചിപ്പ് വിവാദത്തിൽ നിലനിൽപ്പ് പോലും അപകടത്തിൽ ആയ ചൈനീസ് കമ്പനിയുടെ മടങ്ങിവരവ് സാധ്യമായത്. 7 – നാനോമീറ്റർ ചിപ് ചൈനയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന അമേരിക്കൻ ബുദ്ധിയെ അമ്പരപ്പിച്ചാണ് വാവേ തങ്ങളുടെ മേറ്റ്‌ 60 പ്രൊ പുറത്തിറക്കിയത്. സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷണൽ കോർപ്പറേഷൻ വികസിപ്പിച്ച കിരിൻ 9000-ന്റെ അപ്ഡേറ്റ് വേർഷനായ കിരിൻ 9010 പ്രൊസസ്സറാണ് വാവേയുടെ ഏറ്റവും പുതിയ പുര 70 സ്മാർട്ട്ഫോൺ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറത്തിറക്കി രണ്ടുദിവസത്തിനുള്ളിൽ തന്നെ പുര 70 മുഴുവൻ ഫോണുകളും വിറ്റഴിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആധുനിക സെമികണ്ടക്ടർ ഉത്പാദനത്തിൽ വാവേയേ തടഞ്ഞിടാനുള്ള അമേരിക്കയുടെ ശ്രമം വിപണിയിൽ ചൈനീസ് കമ്പനികളുടെ മുന്നേറ്റം കുറയ്ക്കാൻ വേണ്ടി കൂടി ലക്ഷ്യമിട്ടായിരുന്നു. എന്നാൽ 2023 ഓഗസ്റ്റ് മാസത്തിൽ മേറ്റ്‌ 60 പ്രൊ സ്മാർട്ഫോൺ രംഗത്തിറക്കി വാവേ ഇതിനു മറുപടി നൽകി. ഇതിലൂടെ വാവേക്കും ചൈനയ്ക്കും 5ജി ചിപ്പുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നുകൂടി അർത്ഥമാക്കുന്നുണ്ട്.

Read Also: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഇന്ത്യയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും; റിപ്പോര്‍ട്ട്

സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷണൽ കോർപ്പറേഷൻ അമേരിക്കയുടെ വിലക്കുകൾ മറികടന്ന് വാവേ കമ്പനിക്ക് വേണ്ട സഹായം നൽകിയെന്ന് അമേരിക്കയിലെ ജനപ്രതിനിധികൾ കുറ്റപ്പെടുത്തിയിട്ടുണ്ട്. വാവേ കമ്പനിയെ സഹായിച്ചു എന്ന ആരോപണത്തിൽ തായ്‌വാനും നാല് കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കക്കും ചൈനയ്ക്കും ഇടയിലെ സുരക്ഷാസംബന്ധവും സാങ്കേതികവുമായ തർക്കങ്ങൾക്കിടയിലേക്ക് വീണ ആദ്യ കമ്പനിയായിരുന്നു വാവേ ടെക്നോളജി. വാവേയുമായി ബിസിനസിൽ ചേരുന്നതിൽ നിന്ന് അമേരിക്കൻ കമ്പനികളെ യുഎസ് വിലക്കിയിരുന്നു. ഇതിലൂടെ ഗൂഗിൾ പോലുള്ള സേവനങ്ങൾ, ചിപ് എന്നിവയൊന്നും കമ്പനിക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായി. സ്വന്തം നിലയ്ക്ക് ചിപ്പടക്കം വികസിപ്പിച്ചാണ് ഈ വിലക്കുകളെ വാവേ ടെക്നോളജി മറികടന്നത്. അമേരിക്കയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇവർക്ക് വിൽക്കാൻ കഴിയില്ല. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളി എന്നായിരുന്നു വാവേ കമ്പനിയെ കുറിച്ചുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതികരണം.

കഴിഞ്ഞവർഷം ചൈനയിൽ നിന്നുള്ള ചിപ്പ് നിർമ്മാണ കമ്പനികൾക്ക് വിലക്കുമായി ജപ്പാനും നെതർലന്റ്സും രംഗത്ത് വന്നിരുന്നു. പിന്നീട് നെതർലാൻഡ്സ് ചില ഡീപ്പ് അൾട്രാവയലറ്റ് ഉപകരണങ്ങൾ ചൈനയിലേക്ക് അയക്കുന്നതും ഭാഗികമായി വിലക്കി ഉത്തരവിട്ടിരുന്നു. തുടർന്ന് ഒക്ടോബറിൽ അമേരിക്കയും നിലപാട് കടുപ്പിച്ചു. ചൈനീസ് ഫാക്ടറികളിൽ നിന്നുള്ള ഡിയുവി മെഷീനുകളുടെ കയറ്റുമതി അമേരിക്ക തടഞ്ഞു. ഇവയിൽ അമേരിക്കൻ നിർമ്മിത ഘടകങ്ങളുണ്ടായിരുന്നതിനാൽ ഇവയുടെ വിദേശത്ത് നിന്നുള്ള കയറ്റുമതി തടയാൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു. ചൈനീസ് ഫാക്ടറികൾക്ക് ഇതോടെ അമേരിക്കൻ കമ്പനികൾ ഘടകങ്ങൾ നൽകാതെയുമായി. എന്നാൽ നെതർലൻ്റ്സ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ അമേരിക്കയുടെ നടപടികൾ പോലെ ഫലവത്തായില്ല.

വാവേയുടെ സ്മാർട്ട്ഫോൺ ബിസിനസിനെ വർഷങ്ങളോളം തളച്ചിടാൻ ഇതിലൂടെ അമേരിക്കയ്ക്ക് സാധിച്ചെങ്കിലും അതിലൊന്നും തളരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞായിരുന്നു ആ കമ്പനിയുടെ മുന്നേറ്റം. 2023 ഓഗസ്റ്റ് മാസത്തിൽ മേറ്റ് 60 പ്രൊ ഡിവൈസ് ഏഴ് നാനോമീറ്റർ ചൈനീസ് നിർമ്മിത ചിപ്പ് അടക്കം പുറത്തിറക്കിയത്, അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഗിന റയ്മൊണ്ടോയുടെ ചൈനീസ് സന്ദർശന സമയത്തായിരുന്നു. അന്ന് അമേരിക്കൻ ചിപ്പുകളുടെ അത്രയും മികവുറ്റതല്ല വാവേ ഫോണുകളിലെ ചിപ്പുകളെന്നായിരുന്നു റയ്മൊണ്ടോയുടെ പ്രതികരണം. അമേരിക്കയുടെ ടെലികോം ഉപകരണ കയറ്റുമതി നിയന്ത്രണം ഫലം കാണുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ പൂർണമായും ചൈനീസ് നിർമ്മിത ഫോൺ എന്ന ലക്ഷ്യത്തിലേക്ക് ചൈനയ്ക്ക് എത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് കൂടെ പ്രധാനമാണ്. ഇപ്പോഴത്തെ വാവേ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പുതിയ ടെക്നോളജി ഇറക്കുമെന്നത് ഉറപ്പാണ്. ആ വെല്ലുവിളികളെ ഈ ചൈനീസ് കമ്പനികൾ അതിജീവിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights : Huawei beats Apple in China’s smartphone market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here