തകർത്തെറിഞ്ഞ് ലക്നൗ; തകർന്ന് തരിപ്പണമായി മുംബൈ

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ തകർന്ന് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടി. 46 റൺസ് നേടിയ നേഹൽ വധേരയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി മുഹ്സിൻ ഖാൻ 2 വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത് ശർമ (4) സൂര്യകുമാർ യാദവ് (10) എന്നിവർ യഥാക്രമം മുഹ്സിൻ ഖാനും മാർക്കസ് സ്റ്റോയിനിസിനും മുന്നിൽ വീണപ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ തിലക് വർമ (7) റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ നവീനുൽ ഹഖിനു വിക്കറ്റ് സമ്മാനിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും വീണു. ഇതോടെ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റിൽ ഇഷാൻ കിഷനും നേഹൽ വധേരയും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങി. ലക്നൗ ബൗളർമാർ പിഴവുകളില്ലാതെ പന്തെറിഞ്ഞപ്പോൾ സ്കോറിങ് ദുഷ്കരമായി. 53 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ കിഷൻ (36 പന്തിൽ 32) രവി ബിഷ്ണോയുടെ പന്തിൽ വീണു. ടിം ഡേവിഡുമൊത്ത് ആറാം വിക്കറ്റിൽ വധേര 32 റൺസ് കൂട്ടുകെട്ടുയർത്തി. 41 പന്തിൽ 46 റൺസ് നേടിയ താരത്തെ മുഹ്സിൻ ഖാൻ പുറത്താക്കുകയായിരുന്നു. 19ആം ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് നബിയെ (1) പുറത്താക്കിയ മായങ്ക് യാദവ് ആ പന്ത് മാത്രമെറിഞ്ഞ് മടങ്ങി.
അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ടിം ഡേവിഡാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്. 18 പന്തിൽ 35 റൺസ് നേടിയ ടിം നോട്ടൗട്ടാണ്.
Story Highlights: mumbai indians innings lsg ipl 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here