Advertisement

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 2, 2024
Google News 1 minute Read

തിരുവനന്തപുരം മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.

നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു

മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഇരു ഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എം.എല്‍.എയ്ക്കും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന്മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : VD Satheesan about KSRTC bus memory card missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here