മരത്തൂണുകൊണ്ട് നിർമ്മിച്ച വീട് നിലംപതിച്ചു; തങ്കയുടെ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ മന്ത്രിയുടെ ഇടപെടൽ; 24 ഇംപാക്ട്
പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടയിൽ വീട് തകർന്ന് മുറ്റത്ത് കിടക്കുന്ന ആദിവാസി കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. തകർന്ന വീട്ടിൽ നിന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉടൻ തന്നെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിപ്പാർപ്പിക്കും. വീട് പുനർനിർമ്മാണം ഉൾപ്പെടെയുള്ള മറ്റു നടപടിക്രമങ്ങൾ പിന്നീടാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കയറിക്കിടക്കാനുള്ള വീട് തകർന്നതോടെയാണ് കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരേയും കൊണ്ട് മഞ്ഞത്തോട് ആദിവാസി ഊരിലെ തങ്കയുടെ കുടുംബം ഷീറ്റിനുകീഴെ കഴിയുന്നത്. ഷീറ്റെന്ന് പറഞ്ഞാൽ പേരിനുമാത്രം വലിച്ചുകെട്ടിയിരിക്കുന്ന ഒരു കൂരയാണിത്. വന്യമൃഗങ്ങളുടെ നിരന്തര ശല്യമുള്ള ഇവിടെ ജീവൻ പണയംവെച്ചാണ് ഈ കുടുംബം കഴിയുന്നത്. കനത്ത ചൂടിനെ പ്രതിരോധിക്കണം.ഒപ്പം മഴ വന്നാൽ ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടി കിടക്കണം.
ഇന്നലെ രാത്രിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന തങ്കയും മക്കളും വലിയ ശബ്ദം കേട്ട് വീടിന് പുറത്തേക്ക് കുഞ്ഞുങ്ങളെയും എടുത്ത് ഓടുകയായിരുന്നു. മരത്തൂണുകൊണ്ട് നിർമ്മിച്ച വീട് നിലംപതിക്കുന്നത് കണ്ടുനിൽക്കാനേ അവർക്കായുള്ളൂ. രണ്ടുപെൺ മക്കളും അവരുടെ കുഞ്ഞുങ്ങളും അടക്കം ഏഴുപേർ ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ട്രൈബൽ പ്രമോട്ടർ അടക്കമുള്ളവർ എത്തിയെങ്കിലും ഈ കുടുംബത്തെ മാറ്റി പാർപ്പിക്കാനുള്ള നടപടി എടുത്തിരുന്നില്ല. പിന്നാലെയാണ് സംഭവം ട്വന്റിഫോർ വാർത്തയാക്കിയതും മന്ത്രി ഇടപെടുന്നതും.
Story Highlights : Tribal family’s house collapsed Pathanamthitta Laha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here