Advertisement

101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; അധികാരം പിടിക്കാൻ കോൺഗ്രസിൻ്റെ അറ്റകൈ പ്രയോഗം; ഇക്കുറി മത്സരിക്കുന്നത് 328 സീറ്റിൽ

May 8, 2024
Google News 2 minutes Read
Rahul Gandhi slams Centre, says Congress bank accounts frozen, can't campaign

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് 400 ൽ താഴെ സീറ്റുകളിൽ. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ 93 സീറ്റുകൾ ഇക്കുറി പാർട്ടി മത്സരിക്കുന്നില്ല. 2019 ൽ മത്സരിച്ചിരുന്ന 101 സീറ്റുകൾ ഇത്തവണ കോൺഗ്രസ് ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്കായി കൈമാറി. ഇതിന് പുറമെ സൂറത്ത് അടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാതായതും സീറ്റ് കുറയാൻ കാരണമായി.

കർണാടകത്തിലും ഒഡിഷയിലുമാണ് കോൺഗ്രസ് അധികം സീറ്റുകളിൽ മത്സരിക്കുന്നത്. മിസോറാമിൽ 2019 ൽ സ്വതന്ത്രനെ പിന്തുണച്ച സ്ഥാനത്ത് ഇക്കുറി പാർട്ടി മത്സരിക്കുന്നുണ്ട്. കർണാടകത്തിലെ 28 സീറ്റിലും ഒഡിഷയിൽ 20 സീറ്റുകളിലും (2019 ൽ 18 സീറ്റ്) കോൺഗ്രസ് മത്സരിക്കുന്നു.

കോൺഗ്രസ് 2019 ലെ തെരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് ഏറ്റവും കുറവ് സീറ്റുകളിൽ മത്സരിച്ചത്, 417. 2009 ൽ 440 സീറ്റിലും 2014ൽ 464 സീറ്റിലും 2019 ൽ 421 സീറ്റിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടായിരുന്നു. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ 2019 ൽ മത്സരിച്ചതിനേക്കാൾ കുറച്ച് സീറ്റാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഏറ്റവും കുറവുണ്ടായത് ഉത്തർപ്രദേശിലാണ്. 2019 ൽ സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ സഖ്യകക്ഷികൾ ഉണ്ടായിരുന്നില്ല. അതേസമയം സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും സഖ്യമായും ബിജെപി ഒറ്റയ്ക്കും മത്സരിച്ചു. സംസ്ഥാനത്ത് ആകെയുള്ള 80 ൽ 67 സീറ്റിലും മത്സരിച്ച കോൺഗ്രസിന് റായ്‌ബറേലിയിലെ സോണിയ ഗാന്ധിയുടെ മാത്രം വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Read Also: ‘400 ലധികം സീറ്റുകൾ NDA ക്ക് ലഭിക്കും, ജൂൺ 4ന് മാധ്യമങ്ങൾക്ക് എഴുതേണ്ടി വരും’: പ്രകാശ് ജാവദേക്കർ

ഇക്കുറി കോൺഗ്രസും സമാജ്‌വാദി പാർട്ടി(എസ്‌പി)യും ഒന്നിച്ചാണ് മത്സരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമായി ഇവിടെ 17 സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയത്. ഇത് കഴിഞ്ഞാൽ ഏറ്റവും വലിയ കുറവ് പശ്ചിമ ബംഗാളിലാണ്. ഇവിടെ 42 സീറ്റുകളിൽ 40 എണ്ണത്തിൽ കോൺഗ്രസ് 2019 ൽ മത്സരിച്ചിരുന്നു. ഇത്തവണ പക്ഷെ ഇടതുപാർട്ടികളുമായി ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ് ഇവിടെ 14 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തിയത്.

മഹാരാഷ്ട്രയിൽ സ്ഥിതി അൽപ്പം കൂടി സങ്കീർണ്ണമാണ്. എൻസിപിയുമായി സഖ്യത്തിലാണ് ഇവിടെ 2019 ൽ കോൺഗ്രസ് മത്സരിച്ചത്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഈ സഖ്യത്തിൻ്റെ ഭാഗമാണ്. ഇതോടെ 2019 ൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇവിടെ 17 സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്.

ഒൻപത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒന്നോ രണ്ടോ സീറ്റുകൾ മാത്രം ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്ക് നൽകി. അതേസമയം ഡൽഹിയിൽ കഴിഞ്ഞ തവണ ഏഴിടത്ത് ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് ഇവിടെ എഎപിയുടെ സംഘടനാ ശക്തി മനസിലാക്കി ഇക്കുറി നാല് സീറ്റ് അവർക്ക് നൽകി. മൂന്നിടത്ത് മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നത്. എഎപിയുമായുള്ള ഈ സഖ്യം ഹരിയാനയിലും ഗുജറാത്തിലും ആവർത്തിച്ചു. ഗുജറാത്തിൽ ഭാവ്‌നഗറും ഭറൂച്ചും എഎപിയാണ് മത്സരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്ര സീറ്റിലും എഎപി സ്ഥാനാർത്ഥിക്ക് കോൺഗ്രസിൻ്റെ പിന്തുണയുണ്ട്. ആന്ധ്ര പ്രദേശിൽ അരക് സീറ്റ് സി.പി.എമ്മിനും ഗുണ്ടൂർ സീറ്റ് സിപിഐക്കുമായി കോൺഗ്രസ് ഒഴിച്ചിട്ടു. അസമിൽ ആകെയുള്ള ദിബ്രുഗഡഡ് സീറ്റിൽ പ്രാദേശിക പാർട്ടിയായ അസ്സം ജാതീയ പരിഷത്തിൻ്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കോൺഗ്രസും പ്രചാരണത്തിനുണ്ട്.

മധ്യപ്രദേശിലെ ഖജുരാഹോ സീറ്റ് കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് വേണ്ടി നൽകി. എന്നാൽ ഈ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത് മുന്നണിക്ക് തിരിച്ചടിയായി. ഇതോടെ മണ്ഡലത്തിൽ ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കിൻ്റെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ കോൺഗ്രസും എസ്‌പിയും തീരുമാനിച്ചു. രാജസ്ഥാനിൽ മൂന്ന് സീറ്റുകളാണ് സഖ്യ കക്ഷികൾക്ക് നൽകിയത്. സികാർ മണ്ഡലത്തിൽ സി.പി.എമ്മും നാഗൂർ മണ്ഡലത്തിൽ ആർഎൽപിയും ബനസ്വരയിൽ ഭാരത് ആദിവാസി പാർട്ടി(ബിഎപി)യുമാണ് മത്സരിക്കുക.

ബനസ്വരയിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കോൺഗ്രസ് പിന്നീടാണ് ഭാരത് ആദിവാസി പാർട്ടിയുമായി യോജിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ബിഎപിയുടെ രാജ്‌കുമാർ റൗത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ അരവിന്ദ് ഡെമോർ മത്സരത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഇദ്ദേഹം പത്രിക പിൻവലിച്ചതുമില്ല. മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി സാങ്കേതികമായി അരവിന്ദ് ഡെമോർ ആണെങ്കിലും പാർട്ടിയുടെ പൂർണ പിന്തുണ രാജ്‌കുമാറിനാണ്.

ത്രിപുരയിൽ രണ്ട് സീറ്റുകളിൽ ഓരോന്നിൽ വീതം കോൺഗ്രസും സി.പി.എമ്മും മത്സരിക്കും. ജമ്മു കശ്മീരിൽ 2019 ൽ അഞ്ച് സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ ലഡാക്ക് അടക്കം മൂന്ന് സീറ്റിലാണ് മത്സരിക്കുന്നത്.

Story Highlights : Congress gave 101 seats to INDI Alliance contesting 328 seats only this time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here