Advertisement

‘വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിന്’ ?; വി.ഡി സതീശൻ

May 8, 2024
Google News 1 minute Read

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് വി ഡി സതീശൻ. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ പത്ത് ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനം എടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സര്‍ക്കാരിന്റെ മുന്‍ഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് മന്ത്രിസഭാ യോഗം ചേരാത്തത്? സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ല.

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.ഐ.എമ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബി.ജെ.പിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സി.പി..ഐ .എം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : V D Satheesan about Pinarayi Vijayan foreign tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here