പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടാൻ കൂട്ടുനിന്ന ബിജെപി നേതാവ് മറ്റൊരു ലൈംഗിക പീഡന കേസിൽ അറസ്റ്റിൽ

ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടാൻ കൂട്ടുനിന്ന ബിജെപി നേതാവ് ദേവരാജഗൗഡ അറസ്റ്റിൽ. മറ്റൊരു ലൈംഗിക പീഡന കേസിലാണ് ദേവരാജഗൗഡയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പുറത്തുവന്നത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണെന്ന് ദേവരാജഗൗഡ വെളിപ്പെടുത്തിയിരുന്നു. ( BJP leader Devaraje gowda faces sexual harassment case )
നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അഭിഭാഷകൻ കൂടിയായ ദേവരാജഗൗഡയുടെ അറസ്റ്റ്. ഇന്നലെ രാത്രി ചിത്രദുർഗയിൽ വെച്ച് വാഹനം തടഞ്ഞുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ കേസുമായി അറസ്റ്റിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രജ്വലിന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്തുവിട്ടത് ദേവരാജഗൗഡയുടെ നേതൃത്വത്തിലാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയത് ദേവരാജഗൗഡക്ക് മാത്രമാണ് എന്നായിരുന്നു പ്രജ്വൽ രേവണ്ണയുടെ ഡ്രൈവർ കാർത്തികിന്റെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണം നിഷേധിച്ച് ദേവരാജഗൗഡ രംഗത്തുവന്നു.
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ദൃശ്യങ്ങൾ പുറത്തുവന്നത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണെന്നായിരുന്നു ദേവരാജഗൗഡയുടെ ആരോപണം. തുടർന്ന് കേസിലെ ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ജെഡിഎസ് ശക്തമാക്കി. ഇതിന് പിന്നാലെയാണ് ദേവരാജഗൗഡയെ നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി വിവാദത്തിൽ പ്രതിരോധം തീർക്കാനാണ് ബിജെപിയുടെ നീക്കം.
Story Highlights : BJP leader Devaraje gowda faces sexual harassment case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here