Advertisement

തൊഴിലാളികളുടെ കഷ്ടകാലം: 9 ദിവസം കൊണ്ട് പണി പോയത് 2000ത്തിലേറെ പേർക്ക്

May 12, 2024
Google News 4 minutes Read
Tech layoffs jobs lost

മെയ് മാസത്തിൽ ആദ്യത്തെ 9 ദിവസത്തിൽ ടെക് കമ്പനികൾ പിരിച്ചു വിട്ടത് 2000 ത്തിലേറെ ജീവനക്കാരെ. സാമ്പത്തിക പ്രതിസന്ധികൾ, ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് ഡിമാൻഡ് കുറഞ്ഞത്, സാങ്കേതികമായ മാറ്റങ്ങൾ, ഓട്ടോമേഷൻ തുടങ്ങി നിരവധി കാരണങ്ങൾ പറഞ്ഞാണ് ഈ ജീവനക്കാരെ പിരിച്ചുവിട്ടത്. (Tech layoffs jobs lost)

സാമ്പത്തിക വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന നിലയിലാണ് വിവിധ വ്യവസായ മേഖലകളിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനികളുടെ ഭാഗത്ത് നിന്നുള്ള ഈ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. കഴിഞ്ഞ ഒരാഴ്ചക്കിടെ സാമ്പത്തിക – ആരോഗ്യ – സാങ്കേതിക മേഖലകളിൽ നിന്ന് ജീവനക്കാരെ കമ്പനികൾ പിരിച്ചുവിട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിലെ ഒറിഗോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെക്കേസ എന്ന അന്താരാഷ്ട്ര കമ്പനിയാണ് ദിവസങ്ങൾക്കിടെ ഏറ്റവും കൂടുതൽ പേരെ പിരിച്ചുവിട്ടത്. കമ്പനി തങ്ങളുടെ 13% ജീവനക്കാരെ ഒഴിവാക്കിയപ്പോൾ 800 പേരാണ് ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത്. ആരോഗ്യ-സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ക്യു ഹെൽത്ത് (cue health) ആണ് കൂടുതൽ പേരെ പിരിച്ചുവിട്ട രണ്ടാമത്തെ കമ്പനി, 230.

ഇന്ത്യൻ കമ്പനി പ്രെപ് ലാഡ്ഡർ നാലിലൊന്നു ജീവനക്കാരെ പറഞ്ഞ് വിട്ടു. 145 പേർക്ക് ഇവിടെ ജോലി പോയി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് കമ്പനി സിംപിൾ (simpl) തങ്ങളുടെ ജീവനക്കാരുടെ ആകെ എണ്ണത്തിൽ 15% വരുന്ന 100 ജീവനക്കാരെ ഒഴിവാക്കി.

ആഗോള തലത്തിൽ വിവിധ വ്യവസായ മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന സൂചനകൾ ജനിപ്പിക്കുന്നതാണ് ഈ നീക്കം. പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ ചെലവ് ചുരുക്കാൻ തീരുമാനിക്കുന്ന കോർപറേറ്റ് കമ്പനികൾ ആദ്യം ചെയ്യുന്ന നടപടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ. സേവന – ഉത്പന്ന മേഖലകളിൽ ഡിമാൻഡ് കുറയുകയും ട്രാവൽ, ഫിറ്റ്നസ് പോലുള്ള വ്യവസായ മേഖലകളിൽ ബിസിനസിന് പല കാരണങ്ങൾ മൂലം തിരിച്ചടിയേറ്റതും ജോലി നഷ്ടപ്പെടാൻ കാരണമായി.

സാങ്കേതിക വിദ്യയുടെ ദ്രുത ഗതിയിലുള്ള വളർച്ച മൂലം പല ജോലികൾക്കും ആളെ വേണ്ടെന്ന സ്ഥിതിയുണ്ട്. ഇത് ടെക്, ഫിനാൻസ് രംഗങ്ങളിലാണ് കൂടുതൽ ശക്തമായി പ്രതിഫലിക്കുന്നത്. ക്രിപ്റ്റോ രംഗത്ത് പ്രവർത്തിക്കുന്ന അറ്റ്ലാന്റയിലെ Bakkt പോലുള്ള കമ്പനികൾക്ക് സർക്കാറുകൾ മാനദണ്ഡം കടുപ്പിച്ചത് തീർച്ചടിയായിട്ടുണ്ട്.

താത്കാലിക ലാഭം നോക്കി കമ്പനികൾ ജീവനക്കാരെ കുറക്കുന്നത് ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്. സേവനങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നതടക്കമുള്ള പേരുദോഷവും ഇതുകാരണം കമ്പനികൾക്ക് നേരിടേണ്ടി വരും. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക രംഗത്തിന്റെ മടങ്ങി വരവിനുള്ള വേഗത കുറയ്ക്കാനും ഇത് കാരണമാകും.

Story Highlights: In the first nine days of May, almost 2,000 people were laid off from their positions by various software organizations.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here