‘ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല’; സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി.
ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ട്വന്റി ഫോർ വീഡിയോക്ക് താഴെയാണ് കമെന്റ് ചെയ്തിരിക്കുന്നത്. ഉഷാ കുമാരി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ഉഷാ കുമാരിയെന്ന പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയത്. സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമായിരുന്നു അധിക്ഷേപം. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.
ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ് ഉഷാ കുമാരി ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. കലാകാരന്മാരെ ഇഷ്ടമാണ് പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടെന്ന് കണ്ടാൽ ആരും പേടിച്ചു പോകുമെന്നും അറപ്പുളവാക്കുന്നുവെന്നുമാണ് പോസ്റ്റ്.
അതേസമയം സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരമാർശം വേദനിപ്പിച്ചെന്ന് ഗായകൻ സന്നിധാനന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു . താൻ ചെറുപ്പം മുതൽ ഇതെല്ലാം കേട്ടുവരുന്നതിനാൽ ചിലപ്പോൾ സഹിക്കുമായിരിക്കും. ഇത്തരം കാര്യങ്ങൾ പറയുന്നവരുടേത് എത്ര അഴുക്കുള്ള മനസായിരിക്കും. നിലവിൽ പരാമർശത്തിനെതിരെ പരാതി നല്കാൻ ഉദ്ദേശിക്കുന്നില്ല. സത്യഭാമമാർ സമൂഹത്തിൽ ഇനിയുമുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ അനുഭവമെന്നും സന്നിധാനന്ദൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights : Usha Kumari apologizes for abusive remarks against singer Sannidanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here