ജീവിക്കാൻ വഴിയില്ല, പാക് അധീന കശ്മീരിൽ വൻ ജനകീയ പ്രതിഷേധം; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു, 90 പൊലീസുകാർക്ക് പരിക്ക്
പാക് അധീന കാശ്മീരിലെ അക്രമാസക്തമായ പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 90 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 10 ന് ആരംഭിച്ച പ്രതിഷേധമാണ് പാക്കിസ്ഥാനിൽ നിയന്ത്രണാതീതമായി മാറിയത്.
പ്രദേശത്ത് ഭക്ഷ്യ വിലക്കയറ്റം, ഇന്ധന വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി നാട്ടുകാർ സമരത്തിലായിരുന്നു. ഇതിനിടെ 70 ഓളം വരുന്ന ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന വ്യാപാരി സംഘടനയുടെ അംഗങ്ങളെ പാക്കിസ്ഥാനിലെ പൊലീസ് സേന അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടത്.
വെള്ളിയാഴ്ചയാണ് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. ഉയർന്ന വൈദ്യുതി നിരക്കും ഭക്ഷ്യവിലക്കയറ്റവും പരിഹരിക്കണമെന്നും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 2023 ഓഗസ്റ്റിലും പാക് അധീന കശ്മീരിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു.
Read Also: കിഫ്ബി പൂട്ടിയേക്കും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്
പാക്കിസ്ഥാനിലെ തന്നെ ഏറ്റവും വലിയ നഗരമായ പാക്ക് അധീന കശ്മീരിൻ്റെ തലസ്ഥാനം കൂടിയായ മുസാഫർബാദിലാണ് പൊതുജനം പ്രതിഷേധിച്ചത്. പൊതു ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തതോടെ പ്രതിഷേധം ഹർത്താലിന് സമാനമായി മാറി. പൊലീസ് പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും സമരക്കാർ ഇതെല്ലാം മറികടന്നു. മിർപുറിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി.
ഞായറാഴ്ചയായപ്പോഴേക്കും പ്രദേശത്തെ സർക്കാർ ഓഫീസുകളും നിയമസഭാ മന്ദിരവും കോടതികളും സംരക്ഷിക്കാൻ അർധ സൈനിക വിഭാഗത്തെ രംഗത്തിറക്കി. പക്ഷെ സമരക്കാർ പിന്‍മാറിയില്ലെന്ന് മാത്രമല്ല കടുത്ത സംഘർഷത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തു.
പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഊർജ്ജ വിലക്കയറ്റമാണ് കഴിഞ്ഞ 2 വർഷമായി രാജ്യത്തെ വലിയ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടത്. 2022 മെയ് മുതൽ ഭക്ഷ്യ വിലക്കയറ്റം 20 ശതമാനത്തിന് മുകളിലായിരുന്നു. പിന്നീട് 2023 മെയ് ആയപ്പോഴേക്കും ഉപഭോക്തൃ വിലക്കയറ്റം 38 ശതമാനമായി ഉയർന്നതായി പാക്കിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ പാക് അധീന കാശ്മീരിനോട് പാക്കിസ്ഥാനിലെ കേന്ദ്ര സർക്കാർ വിവേചനപരമായാണ് പെരുമാറുന്നതെന്നാണ് ഇവിടെ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ വിമർശനം. ഊർജ്ജ വിതരണത്തിലാണ് പ്രധാനമായും വിവേചനം നേരിടുന്നുവെന്ന് പരാതിയുള്ളത്. നീലം ഝലം വൈദ്യുത പദ്ധതിയിൽ നിന്ന് 2600 മെഗാവാട്ട് വൈദ്യുതി പ്രദേശത്തേക്ക് എത്തേണ്ടതാണെന്നും എന്നാൽ അതുണ്ടാകുന്നില്ലെന്നും പാക് അധീന കശ്മീരിലെ ഭരണ തലവൻ ചൗധരി അൻവാറുൽ ഹഖ് കുറ്റപ്പെടുത്തുന്നു. പാക് അധീന കശ്മീരിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ അത് പരിഗണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനെല്ലാം പുറമെ പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേലെ ഇന്ത്യ 200 ശതമാനം എക്സൈസ് നികുതി ചുമത്തിയതും വ്യാപാരികളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടു. 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ ഇവിടെ നിന്നുള്ള ഉണക്കിയ ഈന്തപ്പഴം, കല്ലുപ്പ്, സിമൻ്റ്, ജിപ്സം തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്താതെയായി. ഇതോടെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 2018 ൽ പ്രതിമാസം 45 ദശലക്ഷം ഡോളറായിരുന്നത് 2019 ജൂലൈ മാസത്തിൽ 2.5 ദശലക്ഷം ഡോളറായി കുറഞ്ഞു.
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019 ഓഗസ്റ്റിലെ ഇന്ത്യയുടെ നടപടിക്ക് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തിക്കൊണ്ടാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 2 ബില്യൺ ഡോളറിലേക്ക് താഴ്‌ന്നു.
റഷ്യയും യുക്രൈനും തമ്മിലെ യുദ്ധത്തിന് പിന്നാലെ ലോകത്താകെ ഇന്ധന വില ഉയർന്നതോടെ പാക്കിസ്ഥാൻ്റെ സമ്പദ് വ്യവസ്ഥ ഒന്നുകൂടി പ്രതിരോധത്തിലായി. സമാനമായ പ്രതിസന്ധി ശ്രീലങ്കയിലുണ്ടായപ്പോൾ കൈയ്യയച്ച് ആ രാജ്യത്തെ സഹായിച്ചത് ഇന്ത്യയാണ്. എന്നാൽ പാക്കിസ്ഥാന് ഈ നിലയിൽ യാതൊരു സഹായവും എവിടെ നിന്നും ലഭിച്ചില്ല.
പാക്കിസ്ഥാൻ്റെ വിദേശ നാണ്യ ശേഖരവും പിന്നാലെ ഇടിഞ്ഞു. 2021 ഓഗസ്റ്റിൽ 20.1 ബില്യൺ ഡോളർ വിദേശ നാണ്യ ശേഖരമുണ്ടായിരുന്നെന്നും എന്നാലിത് 2023 ഫെബ്രുവരിയിൽ 2.9 ബില്യൺ ഡോളറായി താഴ്ന്നുവെന്നുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ്റെ കണക്ക്. തങ്ങളുടെ രാജ്യത്ത് ആവശ്യമായ ഊർജ്ജത്തിൻ്റെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് ഈ വിദേശനാണ്യ ശേഖരം ഒരു മാസത്തെ ചെലവിന് പോലും പര്യാപ്തമായിരുന്നില്ല.
പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥ ഇപ്പോഴും രോഗശയ്യയിലാണ്. സ്വകാര്യ മേഖലയിൽ എടുത്തുപറയാവുന്ന യാതൊന്നുമില്ല. ഓഹരി വിപണിയാണെങ്കിൽ കാര്യമായ വളർച്ചയൊന്നും കഴിഞ്ഞ കാലങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. 2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജിഡിപി 0.17% താഴുകയും ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്ക് പാക്കിസ്ഥാന് 123 ബില്യൺ ഡോളർ ആവശ്യമായി വരുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തൽ. 2024-25 വർഷത്തേക്ക് മാത്രം 21 ബില്യൺ ഡോളറും 2025-26 വർഷത്തേക്ക് 23 ബില്യൺ ഡോളറും പാക്കിസ്ഥാൻ കടമെടുക്കേണ്ടി വരും.
Story Highlights : Huge protest in PoK fuelled by Pakistan’s economic crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here