‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെൺകുട്ടിയുടെ പിതാവ്. മകനെ രക്ഷിക്കാനുള്ള അടവാണെന്നും മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. മകളെ മർദിച്ചുവെന്ന് രാഹുൽ തന്നെ സമ്മതിച്ചിരുന്നു.
രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന് അറിയില്ലായിരുന്നു. രാഹുലിന്റെ കുടുംബം അക്കാര്യം മറച്ചുവെച്ചുവെന്നും അറിഞ്ഞിരുന്നെങ്കിൽ മകളെ വിവാഹം ചെയ്തു കൊടുക്കില്ലായിരുന്നുവെന്നും പിതാവ് പ്രതികരിച്ചു.
മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നുമാണ് രാഹുലിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞത്. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് 3 വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നെന്നും അമ്മ ഉഷ പറഞ്ഞു.
നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേൽ ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
Story Highlights : Woman father reacts Pantheerankavu domestic violence case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here