ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനെ സമീപിച്ച് BCCI: റിപ്പോർട്ട്

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നത്. ഐ.പി.എല്ലിന് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പമാണ് ഗംഭീർ.
നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയാണ് ഗംഭീർ. നിലവിൽ, ബിസിസിഐയും ഗംഭീറും ചർച്ചകളുടെ ആദ്യ ഘട്ടത്തിലാണ്. ഐപിഎൽ മെയ് 26 ന് സമാപിക്കുന്നതോടെ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27വരെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു.
ഗൗതം ഗംഭീറിന് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരതലത്തിലും പരിശീലകനായി പരിചയമില്ലെങ്കിലും ഐപിഎൽ ടീമുകളിൽ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.2011 മുതൽ 2017വരെ ഐപിഎല്ലിൽ കൊൽക്കത്തയെ നയിച്ച ഗംഭീർ അഞ്ച് തവണ ടീമിനെ പ്ലേ ഓഫിലെത്തിക്കുകയും രണ്ട് കിരീടങ്ങൾ നേടുകയും ചെയ്തു. ഐപിഎൽ 2022ലും 2023ലും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ മെൻ്ററായിരുന്നു ഗംഭീർ. ധോണിക്ക് കീഴിൽ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യൻ ടീമിലും അംഗമായിരുന്ന ഗംഭീർ ഫൈനലിലെ ടോപ് സ്കോററുമായിരുന്നു.
മുൻ ഓസ്ട്രേലിയിൻ നായകൻ റിക്കി പോണ്ടിംഗ്, ന്യൂസിലൻഡ് നായകനും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരെയും ബിസിസിഐ കോച്ചാവാൻ സമീപിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Story Highlights : BCCI approaches Gautam Gambhir to become India’s head coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here