Advertisement

അദാനി പോർട്‌സിന് എതിരെ കടുത്ത നടപടി: കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നോർവേ സെൻട്രൽ ബാങ്ക്

May 18, 2024
Google News 1 minute Read
Adani

ഇന്ത്യയിലെ അദാനി പോർട്‌സ് അടക്കം മൂന്ന് കമ്പനികളെ നോർവേ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. നോർവേയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബലിൽ നിന്ന് കമ്പനിയെ പുറത്താക്കിക്കൊണ്ടാണ് നോർഷേ ബാങ്ക് നടപടി. യുദ്ധത്തിൻ്റെയും സംഘർഷത്തിൻ്റെയും സമയത്ത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് സഹായകരമായി പ്രവർത്തിച്ചതിലെ അപകടം മുൻനിർത്തിയാണ് തീരുമാനമെന്ന് ബാങ്ക് അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ3ഹാരിസ് ടെക്നോളജീസ്, ചൈനയിൽ നിന്നുള്ള വൈഷെ പവർ എന്നിവയാണ് കരിമ്പട്ടികയിൽപെട്ട മറ്റ് രണ്ട് കമ്പനികൾ.

ലോകത്തെ വലിയ സ്ഥാപനങ്ങളിൽ ഒന്നാണ് നോർവെയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ(ജിപിഎഫ്‌ജി). ലോകത്തെ ലിസ്റ്റഡ് കമ്പനികളിൽ 1.5% വരെ ഓഹരി പങ്കാളിത്തം ഇവർക്കുണ്ട്. 9000 കമ്പനികളിൽ ലോകമാകെ ഇവർക്ക് നിക്ഷേപവുമുണ്ട്. ഇവരുടെ തന്നെ റിപ്പോർട്ട് പ്രകാരം അദാനി പോർട്സിൽ 0.24% ഓഹരികളാണ് ജിപിഎഫ്‌ജിക്ക് ഉള്ളത്. 2023 ഡിസംബറിലെ കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് ചില കമ്പനികളിലും ജിപിഎഫ്‌ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ അദാനി പോർട്സിലടക്കം മൂന്ന് കമ്പനികളിൽ ഇനി ഓഹരി പങ്കാളിത്തത്തിന് ജിപിഎഫ്‌ജി തയ്യാറാകില്ല.

Read Also: ‘BJP ഏജന്റാക്കുന്നത് ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കൾ; പോരാട്ടം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി’; സ്വാതി മാലിവാൾ

അദാനി പോർട്സ് ആൻ്റ് സ്പെഷൽ ഇക്കണോമിക് സോൺ 2022 മാർച്ച് മുതൽ നോർവേയിൽ നിരീക്ഷണത്തിലായിരുന്നു. 2023 നവംബർ 21 നാണ് അദാനി പോർട്സിനെ ഒഴിവാക്കാൻ ജിപിഎഫ്‌ജിയുമായി ബന്ധപ്പെട്ട എത്തിക്സ് കമ്മിറ്റി നോർഷെ ബാങ്കിനോട് ശുപാർശ ചെയ്തത്. രണ്ട് ദിവസം മുൻപാണ് അദാനി പോർട്സിനെ കരിമ്പട്ടികയിൽ പെടുത്തിയത്. നേരത്തെ എത്തിക്സ് കൗൺസിൽ അദാനി പോർട്സിനോട് വിശദീകരണം തേടിയിരുന്നു. മ്യാന്മറിലെ തുറമുഖം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഒരു സോളാർ എനർജി കമ്പനിക്ക് വിറ്റതുമായി ബന്ധപ്പെട്ട് അദാനി പോർട്സിൻ്റെ മറുപടി എത്തിക്സ് കമ്മിറ്റിക്ക് തൃപ്തികരമായിരുന്നില്ല. ആർക്കാണ് വിറ്റതെന്ന കാര്യം രഹസ്യമാക്കി വെച്ച അദാനി പോർട്‌സിൻ്റെ നടപടിയായിരുന്നു ഇതിന് കാരണം. ഇത്തരത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ തങ്ങൾക്ക് അംഗീകരിക്കാനാവാത്ത കൂട്ടുകെട്ടുകൾ കമ്പനിക്ക് ഉണ്ടെന്ന് കരുതേണ്ടി വരുമെന്ന് പറഞ്ഞാണ് ജിപിഎഫ്‌ജി തങ്ങൾ അദാനി പോർട്സിൽ പണം നിക്ഷേപിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

എന്നാൽ ഈ തീരുമാനം അദാനി പോർട്സിൻ്റെ ഇന്ത്യയിലെ ഓഹരി മൂല്യത്തെ ലവലേശം ബാധിച്ചിട്ടില്ല. ഇന്ന് ഓഹരി വിപണിയിൽ 0.56% ഉയർന്ന് 1344.75 രൂപയിലാണ് അദാനി പോർട്സ് ഓഹരികളുടെ വ്യാപാരം ക്ലോസ് ചെയ്തത്. നോർവേ തങ്ങളുടെ സമുദ്രാതിർത്തിയിൽ ഇന്ധന സ്രോതസ് കണ്ടെത്തിയതിന് പിന്നാലെയാണ് ജിപിഎഫ്‌ജിക്ക് രൂപം നൽകിയത്. ഇന്ധന വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ നിന്ന് നോർവേയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന തിരിച്ചടി മറികടക്കലായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ അടിയുറച്ച് നിന്ന് കൊണ്ട് മാത്രമാണ് ജിപിഎഫ്‌ജി നിക്ഷേപം നടത്താറുള്ളത്. സംഭവത്തിൽ അദാനി പോർട്സ് പ്രതികരിച്ചിട്ടില്ല.

Story Highlights : Norway’s GPFG blacklisted Adani ports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here