Advertisement

‘നെഞ്ചിന് തീപിടിച്ചാലും ചിരിക്കണം, ചിരിപ്പിക്കാനല്ലാതെ കരയരുത്’; ഒത്തിരി ചിരിപ്പിച്ച് ഒടുവില്‍ കണ്ണുനനയിച്ച് യാത്രയായ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 24 വയസ്

May 22, 2024
Google News 2 minutes Read
actor bahadoor 24th death anniversary

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ മുന്‍നിരയിലുള്ള നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 24 വര്‍ഷം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ബഹദൂര്‍ എന്ന അതുല്യനടന്‍ ഇന്നും മലയാളികളുടെ ചിരിയോര്‍മയാണ്. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്. ചെന്നൈ കോടമ്പാക്കത്ത് ബഹദൂറിനോടുള്ള ആദരസൂചകമായി ഒരു റോഡിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നിരിക്കിലും അര്‍ഹിക്കുന്നത്ര ബഹുമാനം കേരളത്തില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചില്ലെന്ന വിമര്‍ശനങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്. (actor bahadoor 24th death anniversary)

അരങ്ങിലും അണിയറയിലും മുഖംമൂടികളില്ലാത്തൊരാളെന്നാണ് ബഹദൂറിനെ അടുത്തറിഞ്ഞവര്‍ക്കെല്ലാം പറയാനുള്ളത്. അനായാസമായ അഭിനയശൈലിയാണ് ബഹദൂറിന്റേത്. ഏത് വേഷം ലഭിച്ചാലും ഒരുപോലെ മികച്ചതാക്കി മാറ്റിയ അഭിനയപാടവം. നാടകത്തിലൂടെയാണ് ബഹദൂറിന്റെ അഭിനയജീവിതത്തിന്റെ തുടക്കം . പിന്നീട് സിനിമയിലെത്തി. അവകാശി എന്ന ചിത്രത്തിലെ ചെറിയ വേഷം. പിന്നീട് പാടാത്ത പൈങ്കിളിയില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് നല്‍കിയത് തിക്കുറിശ്ശിയാണ്. നായര് പിടിച്ച പുലിവാല്‍, ഉമ്മ, ഉണ്ണിയാര്‍ച്ച, പുതിയ ആകാശം പുതിയ ഭൂമി ,യക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ബഹദൂര്‍ മലയാളത്തിലെ മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായി. അക്കാലത്തെല്ലാം ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു ബഹദൂര്‍.

ലോഹിതദാസ് ചിത്രം ജോക്കറാണ് ബഹദൂറിന്റെ അവസാനചിത്രം. കണ്ണുനനയിപ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ജോക്കറിലൂടെ സമ്മാനിച്ചാണ് ബഹദൂര്‍ അരങ്ങില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതും ഒരുതവണ മികച്ച ഹാസ്യനടനുമുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഇടക്കാലത്ത് നിര്‍മാതാവായും ഒരുകൈ നോക്കി. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.

Story Highlights : actor bahadoor 24th death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here