Advertisement

കലാകാരന്റെ വീട്ടിലെ വിസ്മയിപ്പിക്കുന്ന ‘കഥകളി ഗേറ്റ്’ വന്‍ വൈറല്‍; 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്വപ്‌ന ഗേറ്റുണ്ടാക്കിയ കഥ പറഞ്ഞ് ഡാവിഞ്ചി സുരേഷ്

May 22, 2024
Google News 3 minutes Read
davinchi suresh about his viral kathakali gate

കലാകാരന് ആത്മപ്രകാശനത്തിന് നീളന്‍ ക്യാന്‍വാസുകള്‍ വേണമെന്നില്ല. മഹാ ശില്‍പ്പിയ്ക്ക് ശില്‍പ്പം തീര്‍ക്കാന്‍ വെണ്ണക്കല്ലുകളും വേണ്ട. കലാകാരന്മാര്‍ക്ക് എല്ലാ ചുവരുകളും സാധ്യതകള്‍ തന്നെയാണ്. ലോകം മുഴുവന്‍ വര്‍ണാഭമാക്കുന്ന കലാകാരന്മാര്‍ പൊതുവേ സ്വന്തം വീടിനെ മനോഹരമാക്കാന്‍ മറക്കാറുണ്ട്. എന്നാല്‍ കേരളത്തിലെ അതിപ്രശസ്തനായ ശില്‍പ്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ കാര്യം അങ്ങനെയല്ല. ഇപ്പോള്‍ ഡാവിഞ്ചി സുരേഷിന്റെ വീട് മാത്രമല്ല, ആ മതിലും ഗെയിറ്റും കണ്ടാല്‍ തന്നെ മനസിലാകും അകത്ത് ജീവിക്കുന്നത് വലിയൊരു കലാകാരനാണെന്ന്. അത്രയ്ക്ക് മനോഹരമായ ഒരു കഥകളിമുഖത്തിന്റെ രൂപത്തിലാണ് വീടിന്റെ ഗെയിറ്റ് ഇപ്പോള്‍ തീര്‍ത്തിരിക്കുന്നത്. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്‌നം പോലൊരു ഗെയ്റ്റ് പണിയാന്‍ ഡാവിഞ്ചി സുരേഷിന് സാധിക്കുന്നത്. കലാകാരന്റെ വീട്ടിലെ മനോഹര ഗെയിറ്റും ആ ഗെയ്റ്റുണ്ടാക്കിയ കഥയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. (davinchi suresh about his viral kathakali gate)

ചമയങ്ങളും ആഭരണങ്ങളുമണിഞ്ഞ ഒരു സുന്ദരമായ കഥകളി മുഖത്തിന്റെ രൂപത്തിലാണ് വീടിന്റെ ഗെയിറ്റ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍വ് വീടുവയ്ക്കുമ്പോള്‍ തന്നെ തന്റെ മനസില്‍ ഇങ്ങനെയൊരു ഗെയിറ്റിന്റെ ആശയമുണ്ടായിരുന്നുവെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചില പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്‌നങ്ങളും മൂലം അന്നത് നടന്നില്ല. പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ ഒന്നര രണ്ട് മാസം കൊണ്ട് ഗെയിറ്റ് പണിതു. കമ്പ്യൂട്ടര്‍ ഡിസൈനിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയും കൂട്ടിനെത്തി. കടും നിറങ്ങളില്‍ മലയാളികള്‍ കണ്ടുപരിചയിച്ച കഥകളി മുഖത്തേക്കാള്‍ വ്യത്യസ്തമായ ചില കളര്‍ പാറ്റേണുകളാണ് താന്‍ ഗെയിറ്റില്‍ പരീക്ഷിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. പച്ചയും ചുവപ്പും മഞ്ഞയും ഉള്‍പ്പെടെയുള്ള നിറങ്ങളെല്ലാമുണ്ടെങ്കിലും ആ കളര്‍ പാറ്റേണിന്റെ വ്യത്യസ്തതയാണ് കാഴ്ചക്കാരേയും വിസ്മയിപ്പിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു വീടിന് ഇങ്ങനെയൊരു ഗേറ്റ് നിര്‍മിക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. ഗേറ്റ് അതിമനോഹരമായപ്പോള്‍ അതിനൊപ്പം കിടപിടിക്കുന്ന പെയിന്റിംഗുകള്‍ മതിലിലും നല്‍കിയിട്ടുണ്ട്. ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് ഗേറ്റിലെ കഥകളി മുഖത്തിന്റെ കിരീടമായാണ് വീടിന്റെ മുകള്‍ഭാഗം തോന്നുക. അതും കലാകാരന്റെ മറ്റൊരു മാജിക്കാണ്. വൃന്ദാവനമെന്നാണ് വീടിന് പേരുനല്‍കിയിരിക്കുന്നത്. ഗേറ്റ് അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ കഥകളി മുഖത്തിന്റെ കണ്ണുകള്‍ അനങ്ങുന്നതുപോലെ തോന്നും. സോഷ്യല്‍ മീഡിയയില്‍ ഗേറ്റ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. തന്റെ വീടിന് മുന്നിലൂടെ പോകുന്ന യാത്രക്കാര്‍ പലരും ഗേറ്റിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാറുണ്ടെന്നും നിരവധി പേര്‍ തന്നെ അഭിനന്ദിച്ചെന്നും ഡാവിഞ്ചി സുരേഷ് കൂട്ടിച്ചേര്‍ത്തു.

Story Highlights : davinchi suresh about his viral kathakali gate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here