Advertisement

തോമസ് പിക്കറ്റിയും ലൂക്കാസ് ചാൻസലും നിതിൻ കുമാർ ഭാരതിയും നിർദേശിക്കുന്നത് റോബിൻഹുഡ് മോഡലോ?

May 25, 2024
Google News 3 minutes Read
Thomas Piketty about economic inequality in India

ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഇല്ലാതാകണമെങ്കിൽ സ്വത്ത് നികുതിയും പിന്തുടർച്ചാവകാശ നികുതിയും കൊണ്ടു വരണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി സഹചരയിതാവായ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. 2 ശതമാനം സ്വത്ത് നികുതിയും 33 ശതമാനം പിന്തുടർച്ചാവകാശ നികുതിയും ഏർപ്പെടുത്തണമെന്നാണ്പിക്കറ്റി പഠനം പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറെ വിവാദമായ പിന്തുടർച്ചാവകാശ നികുതി ഇതോടെ വീണ്ടും ചർച്ചയായേക്കും.(Thomas Piketty about economic inequality in India)

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മുൻ ചെയർമാൻ സാം പിത്രോദ പിന്തുടർച്ചാ നികുതിയെക്കുറിച്ച് പറഞ്ഞ് പുലിവാല് പിടിച്ചത്. അമേരിക്കയിലെ അതിസന്പന്നർ മരിച്ചാൽ ആസ്തിയുടെ 45 ശതമാനം മാത്രമാണ് അനന്തരാവകാശികൾക്ക് ലഭിക്കുകയെന്നും ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കുമെന്നുമാണ് സാം പിത്രോദ പറഞ്ഞത്. ഇന്ത്യയിൽ ആണെങ്കിൽ സ്വത്ത് മുഴുവൻ മക്കൾക്ക് ലഭിക്കുന്നു എന്നായിരുന്നു എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അഭിമുഖത്തിൽ സാം പിത്രോദ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ വലിയ വിമർശനവുമായി രംഗത്തെത്തി. നിങ്ങളുടെ മാതാപിതാക്കൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സ്വത്തിന് കോൺഗ്രസ് നികുതി ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മോദി പറഞ്ഞ വിഡിയോ നിരവധി പേർ പങ്കുവച്ചിരുന്നു.

ഇത്തരത്തിൽ ഒരു നികുതി സംവിധാനം വന്നാലേ ഇന്ത്യയിൽ അസമത്വം ഇല്ലാതാകൂ എന്ന് തോമസ് പിക്കറ്റിയടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ കൂടി പറയുമ്പോൾ വിഷയം വീണ്ടും ചർച്ചയാകാൻ സാധ്യതയുണ്ട്. ‘ഇന്ത്യയിലെ കടുത്ത അസമത്വം ഒഴിവാക്കാനുള്ള സ്വത്ത് നികുതി നിർദേശങ്ങൾ’- എന്ന തലക്കെട്ടിലുള്ള പഠന റിപ്പോർട്ടിലാണ് നിർദേശം. 10 കോടിക്ക് മുകളിലുള്ള അറ്റ സ്വത്തിന് മേൽ 2 ശതമാനം നികുതിയും 33 ശതമാനം പിന്തുടർച്ചാ നികുതിയും ചുമത്തണമെന്നാണ് പിക്കറ്റിയുടെ വാദം. സമ്പത്ത് മുകൾത്തട്ടിലുള്ളവരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാനാണ് നിർദേശമെന്ന് ഗവേഷണ പ്രബന്ധം പറയുന്നു. ദരിദ്രരെയും ദളിതരെയും ഇടത്തരക്കാരെയും സഹായിക്കാൻ സമ്പത്തിന്റെ പുനർവിതരണം ആവശ്യമാണെന്നാണ് നിർദേശം. അതിസമ്പന്നർക്ക് മേൽ നികുതി ബാധ്യത വരുമ്പോൾ ദരിദ്രരായ നിരവധി പേർക്ക് ആശ്വാസമേകുന്ന പദ്ധതികൾക്ക് ആ തുക വിനിയോഗിക്കാനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പൊതുബജറ്റിൽ ഇപ്പോഴും വിദ്യാഭ്യാസത്തിനായുള്ള ചെലവ് കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി വെറും 2.9 ശതമാനത്തിൽ താഴെയാണെന്നും ഇന്ത്യ പോലൊരു വിശാല രാജ്യത്ത് ഈ ചെലവ് കടലിൽ കായം കലക്കുംപോലെയാണെന്നുമാണ് പ്രബന്ധ രചയിതാക്കളുടെ അഭിപ്രായം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അടിസ്ഥാന സൗകര്യത്തിനുമൊക്കെയുള്ള സർക്കാർ ചെലവ് ഉയർത്താൻ നികുതി നിർദേശം സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

Read Also: കാഞ്ചീപുരം സാരി വിൽപനയും സ്വർണ വിലക്കയറ്റവും തമ്മിലെന്ത്?

തോമസ് പിക്കറ്റിക്കൊപ്പം ഹാർവാർഡ് കെന്നഡി സ്കൂളിലെ ലൂക്കാസ് ചാൽസലും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ നിതിൻ കുമാർ ഭാരതിയും ചേർന്നാണ് പ്രബന്ധം രചിച്ചിരിക്കുന്നത്. മൂന്ന് പേരും അസമത്വം കുറയ്ക്കാനുള്ള വഴികൾ ഗവേഷണം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രജ്ഞരാണ്. എന്നാൽ നിർദേശങ്ങൾ കാശുള്ളവന്റെ സന്പത്ത് പിടിച്ചുപറിച്ച് കാശില്ലാത്തവർക്ക് നൽകുന്ന റോബിൻ ഹുഡ്-കായംകുളം കൊച്ചുണ്ണി മോഡലാണെന്ന വിമർശനങ്ങളും വരുന്നുണ്ട്.

മാർച്ചിൽ തോമസ് പിക്കറ്റി ‘ഇന്ത്യയിലെ വരുമാനവും സമ്പത്തും അസമത്വവും, 1922-2023: ദ റൈസ് ഓഫ് ബില്യണയർ രാജ് എന്ന പഠനത്തിൽ ഇന്ത്യയിലെ അസമത്വത്തെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ഗവേഷണ റിപ്പോർട്ട്.

Story Highlights : Thomas Piketty about economic inequality in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here