Advertisement

രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

January 16, 2025
Google News 2 minutes Read

വിപണിയിൽ ഡോളറിൻ്റെ ഇടിയേറ്റ് തകർന്നവശനായിരിക്കുന്ന രൂപയുടെ മുഖം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മേലെ കണ്ണീരാണോ ആശ്വാസമാണോ പ്രതിഫലിപ്പിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഡോളറിനെതിരെ 86.63 എന്ന നിലയിലാണ് രൂപ. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിയുന്നതും ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യൻ കറൻസിക്ക് മേലെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. അതേസമയം രൂപയെ ശക്തിപ്പെടുത്താനായി കൈയ്യിലുള്ള ഡോളർ വിറ്റഴിക്കുന്ന പതിവ് തന്ത്രം റിസർവ് ബാങ്ക് പയറ്റാത്തതെന്തെന്ന് ഫോറക്സ് ഡീലർമാർ ചിന്തിക്കുന്നുണ്ട്.

ഇന്നലെ 85.98 വരെ പോയ ശേഷം 85.97 ൽ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് രാവിലെ 86.6475 വരെ താഴ്ന്ന ശേഷം 86.63 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകൾ കൂടെ വന്നതോടെ ഇന്നലെ മാത്രം രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ക്ഷീണമാണ് രൂപയ്ക്കുണ്ടായത്. ട്രംപ് പ്രസിഡൻ്റ് പദവി ഏറ്റെടുക്കാനിരിക്കെ ഡോളർ കൂടുതൽ കൂടുതൽ നേട്ടമുണ്ടാക്കുന്നതാണ് വിപണിയിലെ ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.

സാമ്പത്തിക രംഗത്തെ ശുഭ സൂചനകൾ സംബന്ധിച്ച യുഎസ് ജോബ് റിപ്പോർട്ട് അടക്കം പുറത്ത് വന്നതോടെയാണ് ഡോളർ ശക്തിപ്രാപിച്ചത്. ദശാബ്ദത്തിലെ ഉയർന്ന നിലയിലാണ് ഡോളറിപ്പോൾ ഉള്ളത്. പിന്നാലെയാണ് ഇന്ത്യയിൽ നിന്നടക്കം വിദേശ മൂലധന നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടത്. ഈ മാസം ആദ്യ പാതി പിന്നിടുമ്പോൾ ഇന്ത്യൻ വിപണിയിൽ നിന്ന് 4.2 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് പിൻവലിക്കപ്പെട്ടത്.

രാജ്യത്തെ ഇറക്കുമതിക്കാർ പണം ഡോളറിൽ പേ ചെയ്യേണ്ടി വരുന്നത് ഇറക്കുമതിയുടെ മൂല്യം വർധിപ്പിക്കുന്നുണ്ട്. ഭക്ഷ്യ എണ്ണകൾ, പയർവർഗ്ഗങ്ങൾ, രാസവളങ്ങൾ, എണ്ണ, വാതകം തുടങ്ങി നിരവധിയായ ഉൽപ്പന്നങ്ങളുടെ വില വർധനവിലേക്ക് ഇത് നയിക്കും. ക്രൂഡ് ഓയിൽ വില വർധന ഏറ്റവും ശക്തമായ ആഘാതമേൽപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായതിൻ്റെ 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ആയതിനാൽ അതവഴിയും രാജ്യത്തിന് നഷ്ടമാണ്. ബാരലിന് 81.23 ഡോളറിലെത്തി നിൽക്കുകയാണ് ക്രൂഡ് ഓയിൽ വില.

അതേസമയം രൂപയുടെ മൂല്യത്തകർച്ച നേട്ടവുമാകുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ഐടി മേഖലകൾ കയറ്റുമതി കേന്ദ്രീകൃത മേഖലകളായതിനാൽ ഡോളർ ശക്തിപ്രാപിക്കുന്നത് ആശ്വാസകരമാണ്. പക്ഷെ വിദേശത്ത് നിന്ന് വായ്പയായടക്കം പണം സ്വരൂപിച്ച കമ്പനികൾക്കും മറ്റും രൂപയുടെ മൂല്യത്തകർച്ച തിരിച്ചടിയാണ്. വിദേശ പഠനമാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചിലവ് കൂടും. വിദേശയാത്ര നടത്താനുദ്ദേശിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇപ്പോഴത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഇടപെടലുകൾ ദുർബലമാക്കുന്നതാണ് രൂപയുടെ ഇടിവ്.

ഈ വർഷം ഡോളറിനെതിരെ രൂപ 90 മുതൽ 95 രൂപയിലേക്ക് വരെ ഇടിയുമെന്നാണ് കരുതുന്നത്. ട്രംപ് ട്രൻ്റാണ് ഇപ്പോഴത്തേതെന്നും എന്നാൽ പുതിയ അമേരിക്കൻ സർക്കാർ ഭരണത്തിൻ്റെ ആദ്യനാളുകളിലേക്ക് കടക്കുമ്പോൾ തന്നെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ട്രംപും ഇന്ത്യയും തമ്മിലുള്ള സൗഹൃദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Story Highlights : Rupee fall continues unabated: Know its ripple effect on Indian economy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here