Advertisement

‘ലോകം കണ്ട എക്കാലത്തേയും മാസ് ലീഡറാണ് ജവഹര്‍ലാല്‍ നെഹ്‌റു’: വി ടി ബൽറാം

May 27, 2024
Google News 1 minute Read

ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കോൺ​ഗ്രസ് നേതാവ് വിടി ബൽറാം. നെഹ്രുവിന്റെ അറുപതാം ചരമവാര്‍ഷികദിനത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെപ്പറ്റി എഴുതിയത്. തന്റെ കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

റൂസ്വെൽറ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും അദ്ദേഹത്തെ ഉറ്റുനോക്കി. ഇന്ത്യക്കകത്തും രാജ്യത്തെ വിവിധ പ്രദേശങ്ങളേയും ജനങ്ങളേയും സാംസ്കാരിക വൈവിധ്യങ്ങളേയുമൊക്കെ കൂട്ടിയിണക്കുന്ന ആശയ പ്രവാഹമായി അദ്ദേഹം മാറി.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

തെരഞ്ഞെടുപ്പ് വേദികളിലാണെങ്കിലും താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മുഴുവൻ ഇന്ത്യക്കാരുടേയും പ്രതിനിധിയാണെന്നും അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ലെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

തന്റെ കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. റൂസ്വെൽറ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും അദ്ദേഹത്തെ ഉറ്റുനോക്കി. മുഴുപ്പട്ടിണിക്കാരുടേയും നിരക്ഷരരുടേയുമായ ഒരു നാടിന്റെ പ്രതിനിധിയായിട്ടുപോലും അദ്ദേഹം കടന്നുചെന്ന വിദേശ നഗരങ്ങളിലൊക്കെ; ലണ്ടനിലും വാഷിംഗ്ടൺ ഡിസിയിലും പീക്കിംഗിലും കെയ്റോയിലും പാരീസിലും മോസ്ക്കോവിലുമൊക്കെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ അദ്ദേഹം നിലകൊണ്ടു.
ഇന്ത്യക്കകത്തും രാജ്യത്തെ വിവിധ പ്രദേശങ്ങളേയും ജനങ്ങളേയും സാംസ്കാരിക വൈവിധ്യങ്ങളേയുമൊക്കെ കൂട്ടിയിണക്കുന്ന ആശയ പ്രവാഹമായി അദ്ദേഹം മാറി. വൈദേശികാധിപത്യവും ഫ്യൂഡൽ രാജവാഴ്ചകളും അന്ധവിശ്വാസങ്ങളും മാത്രം കണ്ടുശീലിച്ച ഒരു രാജ്യത്ത് ആധുനികതയുടേയും ജനാധിപത്യത്തിൻ്റേയും ചിന്തകളുയർത്തി അദ്ദേഹം ജനകോടികൾക്ക് പ്രതീക്ഷയും ദിശാബോധവും പകർന്നു. വ്യക്തികളുടെ അതിമാനുഷികതയിലല്ല, സ്ഥാപനങ്ങളുടെ കരുത്തിലാണ് ജനാധിപത്യത്തെ രൂപപ്പെടുത്തേണ്ടത് എന്ന് നിരന്തരം നാടിനെ ഓർമ്മപ്പെടുത്തി. ശാസ്ത്രീയ ചിന്തകളിലൂടെയും സാമൂഹ്യ പരിഷ്ക്കാരങ്ങളിലൂടെയും ഒരു പൗരാണിക രാഷ്ട്രത്തെ ആധുനികതയിലേക്കുള്ള ആദ്യ ചുവടുകൾ വയ്ക്കാൻ പഠിപ്പിച്ചു.
1952ലെ രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഈ മഹാഭാരതം മുഴുവൻ അദ്ദേഹം പരന്നൊഴുകി. വിമാനങ്ങളിലും തീവണ്ടികളിലും കാറുകളിലും ബോട്ടുകളിലും കാളവണ്ടികളിലും ആനപ്പുറത്തുമൊക്കെയായി 25000 ലേറെ കിലോമീറ്ററുകൾ വിശ്രമമില്ലാതെ സഞ്ചരിച്ച് ജനകോടികളോട് നേരിട്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമര മൂല്യങ്ങളേക്കുറിച്ചും ഭരണഘടനയേക്കുറിച്ചും കേന്ദ്ര സംസ്ഥാന ബന്ധങ്ങളേക്കുറിച്ചും പഞ്ചവത്സര പദ്ധതികളേക്കുറിച്ചും ശാസ്ത്ര ഗവേഷണങ്ങളേക്കുറിച്ചും ചേരി ചേരായ്മയേക്കുറിച്ചുമൊക്കെ മണിക്കൂറുകളോളം തന്റെ സ്വതസിദ്ധമായ കാവ്യാത്മക ഭാഷയിൽ ജനങ്ങളോട് സംസാരിച്ച് ഒടുവിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ പോലും മറന്നുപോയി പലപ്പോഴും അദ്ദേഹം പ്രസംഗമവസാനിപ്പിച്ചു. കാരണം, തെരഞ്ഞെടുപ്പ് വേദികളിലാണെങ്കിലും താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മുഴുവൻ ഇന്ത്യക്കാരുടേയും പ്രതിനിധിയാണെന്നും അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല.
ഇന്ത്യ കണ്ട, ലോകം കണ്ട, എക്കാലത്തേയും വലിയ മാസ് ലീഡർ, ഇന്ത്യ എന്ന ആശയത്തിന്റെ ശിൽപ്പി, ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മകൾക്ക് മുൻപിൽ വിനീതമായ ആദരാഞ്ജലികൾ.

Story Highlights : vt balram fb post about jawaharlal nehru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here