പുതിയ ബാര്‍ കോഴ വിവാദം; ബാറുടമകള്‍ കെട്ടിടത്തിന് വേണ്ടി പിരിച്ചത് ഒരു ലക്ഷം രൂപ തന്നെ; രേഖകള്‍ ട്വന്റിഫോറിന്

പുതിയ ബാര്‍ കോഴ വിവാദത്തില്‍ ബാറുടമകള്‍ കെട്ടിടത്തിനു വേണ്ടി പിരിച്ചത് ഒരു ലക്ഷം രൂപ തന്നെയെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോറിന്. 472 പേരില്‍ നിന്നായി നാലരക്കോടിയോളം രൂപയാണ് പിരിച്ചെടുത്തതെന്നു തെളിയിക്കുന്നതാണ്
രേഖകള്‍. കോഴ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ മൊഴിയെടുക്കാനായി ഇടുക്കിയിലെത്തി.(Bar owners collected Rs 1 lakh for building in new bar bribery controversy)
രണ്ടര ലക്ഷം രൂപ വീതം പിരിക്കണമെന്ന് അനിമോന്‍ ആവശ്യപ്പെട്ടത് സംഘനയ്ക്ക് കെട്ടിടം വാങ്ങാനെന്നായിരുന്നു ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ വാദം. മദ്യ നയം അനുകൂലമാക്കാന്‍ പണം നല്‍കണമെന്ന് ശബ്ദ സന്ദേശത്തില്‍ പറഞ്ഞ അനിമോന്‍ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടര ലക്ഷം രൂപ വീതം പിരിക്കുന്നത് കെട്ടിടത്തിനു വേണ്ടി അല്ലെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ആണ് പുറത്തുവരുന്നത്.സംസ്ഥാനത്ത് 472 ബാര്‍ ഉടമകളില്‍ നിന്നായി 4,54,25,000 രൂപ മാര്‍ച്ച് 31 നു മുമ്പ് തന്നെ പിരിച്ചെടുത്തിരുന്നു. ചിലര്‍ ഒഴികെ ബാക്കിയെല്ലാവരും ഒരു ലക്ഷം രൂപ വീതം തന്നെയാണ് നല്‍കിയത്. പിരിച്ച പണത്തിന്റെ വിശദാംശങ്ങള്‍ ഏപ്രില്‍ ഒന്നിന് ബാര്‍ ഉടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പണം പിരിച്ചത് എറണാകുളം ജില്ലയില്‍ നിന്നാണ്.
എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ടൂറിസം വകുപ്പ് മദ്യനയത്തിന്റെ കാര്യത്തില്‍ തിടുക്കം കാട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും മദ്യ നയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ചര്‍ച്ച നടത്തിയിട്ടില്ലെന്നും എ കെ ബാലന്‍ പ്രതികരിച്ചു.
ബാര്‍കോഴ വിവാദത്തില്‍ പുറത്തുവന്ന ശബ്ദരേഖ അനിമോന്റെയെന്ന് ഇടുക്കിയിലെ ബാറുടമകള്‍ സ്ഥിരീകരിച്ചു. ശബ്ദരേഖ പ്രചരിച്ച വാട്‌സപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ഇളവ് കിട്ടാന്‍ പണം നല്‍കിയെന്ന് അനിമോന്‍ വെളിപ്പെടുത്തിയ അണക്കര സ്പൈസ് ഗ്രോ ഹോട്ടല്‍ ഉടമയുടെയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും.
Story Highlights : Bar owners collected Rs 1 lakh for building in new bar bribery controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here