ബാർ കോഴ വിവാദം; ഓഫീസ് കെട്ടിടം വാങ്ങാനാണ് പണപ്പിരിവെന്ന ബാറുടമാ അസോസിയേഷന്‍റെ വാദം പൊളിയുന്നു

പുതിയ ബാർ കോഴ വിവാദത്തിൽ സംഘടനയ്ക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിവെന്ന ബാറുടമാ അസോസിയേഷന്‍റെ വാദം പൊളിയുന്നു. കെട്ടിടം വാങ്ങാനുള്ള തുകയിലെ പണപ്പിരിവ് നേരത്തെ തുടങ്ങിയിരുന്നു. മാത്രമല്ല കെട്ടിട നിര്‍മാണ ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ചുള്ള പരാതിയില്‍ നേരത്തെ തന്നെ എക്സൈസ് വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. രണ്ടര ലക്ഷം പിരിവിന് നിർദ്ദേശിച്ച ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് കെട്ടിടനിര്‍മാണത്തിനു വേണ്ടിയാണ് പിരിവെന്ന വാദവുമായി അസോസിയേഷന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്.(Bar owners association’s claim fake)
കെട്ടിടനിര്‍മാണ ഫണ്ടുമായി അസോസിയേഷന്‍ തന്നെയിറക്കിയ പോസ്റ്ററിൽ പറയുന്നത് കെട്ടിട നിർമ്മാണ പിരിവ് ഒരു ലക്ഷം രൂപയെന്നാണ്. തലസ്ഥാനത്തെ ആസ്ഥാന മന്ദിരത്തിനായുള്ള പിരിവ് നേരത്തെ തന്നെ ബാറുടമ അസോസിയേഷന്‍ ആരംഭിച്ചിരുന്നു. 28 സെന്‍റ് സ്ഥലവും 2 കെട്ടിടത്തിനുമായി ചിലവ് 5 കോടി 60 ലക്ഷം. രജിസ്ട്രേഷന്‍ തുകയടക്കം 6 കോടി 10 ലക്ഷം രൂപ. ഇതില്‍ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം 4 കോടി 63 ലക്ഷം രൂപ നേരത്തെയെത്തി. രജിസ്ട്രേഷന്‍ നടപടി ആരംഭിക്കുകയും ചെയ്തു മാത്രമല്ല കെട്ടിടം വാങ്ങുന്ന ഫണ്ടു പിരിവില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ നിരവധി പരാതികള്‍ എക്സൈസ് വിജിലന്‍സിലെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം മദ്യ നയം ചർച്ച ചെയ്യാൻ ടൂറിസം വകുപ്പ് യോഗം വിളിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ബാർ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും അറിവുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുറ്റപ്പെടുത്തി. പണപ്പിരിവിന് നിർദ്ദേശിച്ച് ബാർ ഉടമകളുടെ വാട്ട്സ്ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച ബാർ ഉടമ അനിമോന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കൽ.
Story Highlights : Bar owners association’s claim fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here