ട്വന്റി ട്വന്റിയില്‍ ഇന്ത്യ ‘ഇന്ത്യ’ക്കാര്‍ക്കെതിരെ ബോളെറിയും ബാറ്റ് ചെയ്യും

ക്രിക്കറ്റിന്റെ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ തീരെ കുഞ്ഞന്‍ രൂപമാണ് ടി10. യൂറോപ്പില്‍ പലയിടങ്ങളിലും ഇടക്കെല്ലാം ജി.സി.സി രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന മിക്ക രാജ്യങ്ങളുടെയും ടീം പട്ടിക എടുത്തുനോക്കിയാല്‍ അതില്‍ ഒരാളെങ്കിലും ഇന്ത്യന്‍വംശജനുണ്ടാകും. മൂന്ന് ദിവസത്തിന് ശേഷം അമേരിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനെത്തുന്ന ഏതാനും ടീമുകളിലെ സ്ഥിതിയും മറിച്ചല്ല. ബാറ്റിങ്ങിലും ബോളിങ്ങിലും പ്രതിഭാധനരായ ഇന്ത്യന്‍ വംശജരായ ധാരാളം കളിക്കാര്‍ ഈ ടീമുകളിലൊക്കെയുണ്ട്. ചില ടീമുകളിലെ പ്രധാന താരങ്ങളും ഇന്ത്യന്‍ വംശജരാണെന്നുള്ളതാണ് വസ്തുത. ട്വന്റി ട്വന്റി കപ്പ് ലക്ഷ്യമിട്ടെത്തുന്ന ടീമുകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ മുപ്പതിലേറെ ഇന്ത്യന്‍ വംശജരായ താരങ്ങളാണ് ലോകകപ്പിനെത്തുന്നത്. ഇതില്‍ ഇന്ത്യക്കായി അണ്ടര്‍ 19 ടീമില്‍ കളിച്ചവരും ഉണ്ട്
ഒരു ‘ടീം’ തന്നെ കാനഡയിലുണ്ട്
ലോകകപ്പിന് എത്തുന്ന ഇന്ത്യന്‍ ടീം കഴിഞ്ഞാല്‍ ഏറ്റവും അധികം ഇന്ത്യന്‍ കളിക്കാര്‍ കളിക്കുന്ന ടീം കാനഡയാണ്. ലക്ഷ കണക്കിന് ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയ രാജ്യമെന്ന നിലക്ക് ഇതില്‍ അത്ഭുതം കൂറാനില്ലെങ്കിലും ഒരുതരത്തില്‍ നമുക്കും അഭിമാനമുള്ള കാര്യം തന്നെയാണ്. കാനഡയുടെ 15 അംഗ ലോകകപ്പ് ടീമിലും റിസര്‍വ് ബെഞ്ചിലുമായി 11 ഇന്ത്യന്‍ വംശജരാണുള്ളത്. ഇതില്‍ ഏഴ് പേരാകട്ടെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യവുമാണ്. ടീം ക്യാപ്റ്റന്‍ പാകിസ്ഥാന വംശജനായ സാദ് ബിന്‍ സഫര്‍ ആണ്. ടീമിലെ ഇന്ത്യന്‍ വംശജര്‍-രവീന്ദര്‍പാല്‍ സിങ്, നവ്‌നീത് ധലിവാല്‍, നിഖില്‍ ദത്ത, പര്‍ഗദ് സിംഗ്, ദില്‍പ്രീത് ബാജ്‌വ, ശ്രേയസ് മോവ, ഋഷിവ് ജോഷി, തജിന്ദര്‍ സിങ്, ആദിത്യ വരദരാജന്‍, ജതിന്ദര്‍ മതാരു, പ്രവീണ്‍കുമാര്‍.
Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്
യു.എസില്‍ 9 പേര്‍
ലോകകപ്പിന് വേദിയൊരുക്കുന്ന യു.എസ് ടീമില്‍ ക്യാപ്റ്റന്‍ മോനക് പട്ടേല്‍ അടക്കം ഒമ്പത് ഇന്ത്യന്‍ വംശജരുണ്ട്. പ്രധാന ബാറ്ററായി മോനകും പ്രധാന പേസറായി സൗരഭ് നേത്രാല്‍വാകറുമാണ് ഉള്ളത്. ഇതില്‍ സൗരഭ് നേതാല്‍വാകര്‍ മുമ്പ് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനെ പ്രതിനീധികരിച്ചിട്ടുണ്ട്. ടീമിലെ മറ്റു ഇന്ത്യന്‍ വംശജര്‍: ജെസ്സി സിംഗ്, മിലന്ദ് കുമാര്‍, നിസാര്‍ക് പട്ടേല്‍, നിതീഷ് കുമാര്‍, നൊഷ്തുഷ് കെന്‍ജിഗെ, ഗജാനന്ദ് സിംഗ്, ഹര്‍മീത് സിംഗ്.
നെതര്‍ലാന്റ്‌സില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ വംശജര്‍
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നെതര്‍ലാന്റ്‌സിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ആര്യന്‍ ദത്ത്, തേജ നിദാമനുരു, വിക്രം ജിത്ത് സിംഗ് എന്നിവരാണ് നെതര്‍ലാന്റ്‌സ് ട്വന്റി ട്വന്റി ടീമില്‍ ഇടംപിടിച്ചിട്ടുള്ള ഇന്ത്യന്‍ വംശജര്‍.
ഒമാനില്‍ ആറുപേര്‍ കളിക്കും
പാകിസ്ഥാന്‍ വംശജനായ അക്വിബ് ഇല്യാസിന്റെ നേതൃത്വത്തില്‍ എത്തുന്ന ഒമാന്‍ ടീമില്‍ കശ്യപ് പ്രജാപതി, പാര്‍ഥിക് അഥവാലെ, ജതീന്ദര്‍ സിംഗ്, സമയ് ശ്രീവാത്‌സവ, ജയ് ഒഡേദ്ര, അയാന്‍ ഖാന്‍ എന്നീ ആറ് ഇന്ത്യന്‍ വംശജര്‍ ഇടംപിടിച്ചിട്ടുണ്ട്.
Read Also: ട്വന്റി 20 ലോകകപ്പ്; രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്
ആദ്യമായി ട്വന്റി ട്വന്റി ലോകകപ്പിനെത്തുന്ന യുഗാണ്ടന്‍ ടീമില്‍ മൂന്ന് ഇന്ത്യവംശജര്‍കളിക്കും. ദിനേശ് നക്രാനി, അല്‍പേഷ് രാംജാനി, റോണക് പട്ടേല്‍ എന്നവരാണ് ഇവര്‍. ന്യൂസിലാന്റ് ടീമിന്റെ ഭാഗമായ രചിന്‍ രവീന്ദ്ര, ഇഷ് സ്വാതി ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ കേശവ് മഹാരാജ് എന്നിവരും ഇന്ത്യന്‍ ഇന്ത്യന്‍ വംശജരാണ്.
Story Highlights : Indian origins from other teams of T20-worldcup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here