പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ( PM Modi to meditate on Kanyakumari Vivekananda Memorial Rock )
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി , നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക് തിരിക്കുക. അവിടെ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, കന്യാകുമാരി ക്ഷേത്ര ദർശനം. തുടർന്ന് ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോകുക.
2019ലെ തെരഞ്ഞെടുപ്പ് കാലത്തും മോദി സമാനമായ രീതിയിൽ ധ്യാനം നടത്തിയിരുന്നു. കലാശക്കൊട്ട് കഴിഞ്ഞ്, ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പിൽനിന്ന് 11,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയിൽ മോദി 17 മണിക്കൂർ ധ്യാനമിരുന്നു. ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദിതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചിത്രം വൈറലുമായി. തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ, മോദിയുടെ ‘ധ്യാനചിത്രം’ വലിയ രാഷ്ട്രീയ ചർച്ചക്കും വഴിവെച്ചു.
ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെക്കെ ഇന്ത്യയിലെ പ്രചാരണത്തിൽ ബിജെപി പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തെക്കെ ഇന്ത്യയിൽ പ്രചാരണം നടത്തുന്നതിനൊപ്പം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലും മോദി തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും തെക്കെ ഇന്ത്യയിൽ തന്നെയാണ് മോദി.
Story Highlights : PM Modi to meditate on Kanyakumari Vivekananda Memorial Rock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here