Advertisement

എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ കുതിച്ചുയർന്ന ‘മോദി സ്റ്റോക്കുകൾ’, ഫലം വന്നപ്പോൾ തലകുത്തി താഴേക്ക്; നിക്ഷേപകർക്ക് കിട്ടിയത് മുട്ടന്‍ പണി

June 4, 2024
Google News 2 minutes Read
Modi Stock

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ മോദി സർക്കാരിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ അപ്രസക്തമായി. എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ മോദി സ്റ്റോക്സ് എന്ന വിശേഷണത്തോടെ അനലിസ്റ്റുകൾ പണം നിക്ഷേപിക്കാൻ നിർദ്ദേശിച്ച ഓഹരികളെല്ലാം ഇന്ന് ഫലം വന്നതോടെ താഴേക്ക് പോയി. എൻഡിഎ സഖ്യവും ഇന്ത്യ സഖ്യവും ലീഡ് നിലയിൽ ഒപ്പത്തിനൊപ്പം എത്തിയ ഉച്ചയ്ക്ക് 12.30 യ്ക്ക് ഈ ഓഹരികളെല്ലാം കൂപ്പുകുത്തി. എന്നാൽ പിന്നീട് എൻഡിഎ സഖ്യം നില മെച്ചപ്പെടുത്തിയതോടെ നിക്ഷേപകർക്ക് ആശ്വാസമായി. വ്യാപാരം അവസാനിച്ചപ്പോൾ നില മെച്ചപ്പെട്ടെങ്കിലും ഓഹരികൾ ഇനിയും താഴേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്.

എബിബി ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോടിക്സ്, എൽ ആൻ്റ് ടി, ഡാറ്റ പാറ്റേൺസ്, തെർമാക്സ്, സീമെൻസ്, കെയ് ഇൻ്റസ്ട്രീസ് എന്നീ കമ്പനികളായിരുന്നു മോദി സ്റ്റോക് എന്ന വിശേഷണത്തോടെ വലിയ നേട്ടമുണ്ടാക്കുമെന്ന് അനലിസ്റ്റുകൾ പ്രവചിച്ചത്. ഇതിൽ എബിബി ഇന്ത്യ ലിമിറ്റഡ് ഓഹരി മൂല്യം ഇന്ന് 1068 രൂപ ഇടിഞ്ഞ് 7660 ലേക്ക് കൂപ്പുകുത്തി. ഇന്ന് മാത്രം 12.24 ശതമാനം ഇടിവുണ്ടായി. ഉച്ചയ്ക്ക് 12.30 യ്ക്ക് 6992 ലേക്ക് താഴ്ന്ന ശേഷം കമ്പനി നില മെച്ചപ്പെടുത്തിയത് എൻഡിഎ മേൽക്കൈ നേടിയതോടെയാണ്.

ഹിന്ദുസ്ഥാൻ എയ്റോനോടിക്‌സ് ലിമിറ്റഡ് ഓഹരി വില ഇന്ന് 4368 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. 905.65 രൂപയാണ് ഇന്ന് വില ഇടിഞ്ഞത്. 17.17% നഷ്ടം സംഭവിച്ചു. ഉച്ചയ്ക്ക് 12.30 യ്ക്ക് എച്ച്‌യുഎൽ ഓഹരികൾ 3955 രൂപയിലാണ് വ്യാപാരം നടന്നത്. തെരഞ്ഞെടുപ്പ് ഫലം എൻഡിഎക്ക് മേൽക്കൈ ലഭിക്കുന്ന നിലയിൽ മാറിയതോടെയാണ് എച്ച്‌യുഎൽ ഓഹരിയും നില മെച്ചപ്പെടുത്തിയത്.

ലാർസൻ ആൻ്റ് ടർബോ എന്ന എൽ ആൻ്റ് ടി സ്‌റ്റോക്കായിരുന്നു മറ്റൊരു മോദി സ്റ്റോക്ക്. ഫലം വന്നപ്പോൾ വിപണിയിൽ 482 രൂപ ഇടിഞ്ഞ് 3415 രൂപയിലാണ് ഈ ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് 12.30യ്ക്ക് ദിവസത്തെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്ന ശേഷമാണ് കമ്പനി നില മെച്ചപ്പെടുത്തിയത്. മോദി സ്റ്റോക്കുകളിൽ മറ്റൊന്ന് ഡാറ്റ പാറ്റേൺസ് ഇന്ത്യ ലിമിറ്റഡായിരുന്നു. ഈ ഓഹരി ഇന്ന് 2950 ൽ വ്യാപാരം തുടങ്ങി. ഉച്ചയ്ക്ക് 12.30 യ്ക്ക് 2385 ലേക്ക് ഇടിഞ്ഞു. പിന്നീട് നില മെച്ചപ്പെടുത്തി 2660 ൽ വ്യാപാരം ക്ലോസ് ചെയ്തു. ഇന്ന് മാത്രം 10.56 ശതമാനം നഷ്ടമാണ് കമ്പനിക്ക് ഓഹരി വിപണിയിൽ ഉണ്ടായത്.

Read Also: തെരഞ്ഞെടുപ്പിൽ മോദിക്ക് ക്ഷീണം; ഓഹരി വിപണിയിൽ അദാനിക്ക് തളർച്ച; മാഞ്ഞുപോയത് 31 ലക്ഷം കോടി, 3093 ഓഹരികളുടെ വില ഇടിഞ്ഞു

എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് സ്റ്റോക്ക് മാർക്കറ്റ് വിശകലന വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം നിക്ഷേപകർ പണം നിക്ഷേപിച്ച മറ്റൊരു ഓഹരി തെർമാക്സ് ലിമിറ്റഡായിരുന്നു. ഇത് 5250 ലേക്കാണ് താഴ്ന്നത്. 408 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇന്ന് കുത്തനെ ഇടിഞ്ഞും അതേ വേഗതയിൽ കുതിച്ചും വീണ്ടും ഇടിഞ്ഞും കയറിയും നിന്ന ഓഹരി അവസാനം 5250 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ നഷ്ടം 7.22%.

സമാനമായ നിലയിൽ മോദി സ്റ്റോക് വിശേഷണം നേടി നിക്ഷേപകരെ മോഹിപ്പിച്ച സീമെൻസ് ലിമിറ്റഡ് ഓഹരിയും ഇടിഞ്ഞു. 11.63% ഇടിഞ്ഞ്, 846 രൂപ കുറഞ്ഞ് 6428 രൂപയിലാണ് ഇന്നത്തെ വ്യാപാരം ഈ കമ്പനിയുടെ ഓഹരികൾ അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് 12.30 യ്ക്ക് ഇന്ത്യ മുന്നണിയും എൻഡിഎയും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ സീമെൻസ് ഓഹരികൾ 5861 ലേക്ക് താഴ്ന്നിരുന്നു.

മോദി സ്റ്റോക് പട്ടികയിൽ കാര്യമായ ക്ഷീണം സംഭവിക്കാതിരുന്ന സ്‌റ്റോക്കാണ് കെയ് ഇൻ്റസ്ട്രീസ് ലിമിറ്റഡ്. 4269 ൽ ഇന്ന് വ്യാപാരം ആരംഭിച്ച ശേഷം ഉയർന്ന ഓഹരി ഉച്ചയ്ക്ക് 12.30യ്ക്ക് 3381.6 രൂപയിലേക്ക് താഴ്ന്നിരുന്നു. 2024 മാർച്ച് 13 ന് ശേഷം കൃത്യമായ വളർച്ച രേഖപ്പെടുത്തി മുന്നേറിയ കമ്പനി കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച വച്ചിരുന്നത്. ഇവിടെ നിന്നായിരുന്നു 3381 ലേക്ക് താഴ്ന്നത്. പിന്നീട് ഫലം മാറിയതോടെ 4041 ലേക്ക് കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നു.

Story Highlights : Analysts suggested Modi stocks rised after exit poll result crashed today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here