Advertisement

തെരഞ്ഞെടുപ്പിൽ മോദിക്ക് ക്ഷീണം; ഓഹരി വിപണിയിൽ അദാനിക്ക് തളർച്ച; മാഞ്ഞുപോയത് 31 ലക്ഷം കോടി, 3093 ഓഹരികളുടെ വില ഇടിഞ്ഞു

June 4, 2024
Google News 2 minutes Read
Modi Adani

ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഓഹരികൾ കൂപ്പുകുത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ എൻഡിഎ മുന്നണിക്ക് വ്യക്തമായ ആധിപത്യം നേടാനാകില്ലെന്ന നിലയിൽ ഫലസൂചനകൾ വന്നതോടെയായിരുന്നു ഓഹരി വിപണിയിൽ മുൻനിര കമ്പനികളുടെ ഓഹരികൾ താഴേക്ക് പോയത്. മോദിയുടെ അടുപ്പക്കാരനെന്ന വിശേഷണം ഏറ്റവും കൂടുതൽ കേട്ട ഗൗതം അദാനിക്കായിരുന്നു ഇക്കൂട്ടത്തിൽ വലിയ തിരിച്ചടിയുണ്ടായത്. അവസാനം വിപണി ഇന്നത്തേക്ക് വ്യാപാരം അവസാനിച്ചപ്പോൾ വിവിധ ഓഹരി സൂചികകളിലായി 3093 ഓഹരികൾ വിലത്തകർച്ച നേരിട്ടു. 331 ഓഹരികൾ മുന്നേറി. 55 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.

ഇന്ന് സെൻസെക്സ് 4389.73 പോയിൻ്റ് (5.74%) ഇടിഞ്ഞ് 72079.05 ലേക്കാണ് താഴ്ന്നത്. നിഫ്റ്റി 1379.40 പോയിൻ്റ് (5.93%) ഇടിഞ്ഞ് 21884.5 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ അടുത്ത ദിവസങ്ങളിലും ഈ ട്രെൻ്റ് തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഓഹരി വിപണിയിൽ നാളെയും നിക്ഷേപകരുടെ കണ്ണീർ നിറയുമെന്നാണ് കരുതുന്നത്. ഇന്ന് മാത്രം ഓഹരി വിപണിയിൽ 31 ലക്ഷം കോടി രൂപയായാണ് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 426 ലക്ഷം കോടി രൂപയിൽ നിന്ന് 395 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു.

ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് അദാനി പോർട് ആൻ്റ് സെസ്, അദാനി എൻ്റർപ്രൈസസ്, ഒഎൻജിസി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾക്കായിരുന്നു. 335 രൂപ ഇടിഞ്ഞ് അദാനി പോർട്സ് ഓഹരികൾ ഇന്ന് 1248.95 ലാണ് ക്ലോസ് ചെയ്തത്. അദാനി എനർജി 244.35 രൂപ കുറഞ്ഞ് 977.6 ആയി. അദാനി എൻ്റർപ്രൈസ് 704 രൂപ കുറഞ്ഞ് 2941 ലേക്കും അദാനി ഗ്രീൻ എനർജി 392 രൂപ കുറഞ്ഞ് 1646 ലേക്കും അദാനി ടോട്ടൽ ഗ്യാസ് 210.7 രൂപ കുറഞ്ഞ് 908.7 ലേക്കും താഴ്ന്നു. റിലയൻസ് ഇൻ്റസ്ട്രീസ് ഓഹരി വില 7.49% ഇടിഞ്ഞ് 2794.55 ലേക്കും താഴ്ന്നു.

Read Also: അന്ന് യു ടേൺ ബാബു, ഇന്ന് കിങ്മേക്കർ ചന്ദ്രബാബു നായിഡു

ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ ഇൻ്റസ്ട്രീസ്, ഹീറോ മോടോകോർപ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായി. എഫ്എംസിജി ഒഴികെയുള്ള റിയാൽറ്റി, ടെലികോം, മെറ്റൽ, കാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻ്റ് ഗ്യാസ്, ഊർജ്ജം, പൊതുമേഖലാ ബാങ്ക് തുടങ്ങിയ സെക്ടറുകളിലെല്ലാം 10 ശതമാനത്തോളം ഓഹരികളുടെ വില ഇടിഞ്ഞു. വിപണിയിൽ വൻ തിരിച്ചടി നേരിട്ട കമ്പനികളുടെ നീണ്ട നിരയിൽ പല പ്രമുഖ കമ്പനികളും ഉണ്ട്. ആർഇസി ലിമിറ്റഡ്, പവർ ഫിനാൻസ് കോർപറേഷൻ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഗെയിൽ ഇന്ത്യ, അംബുജ സിമൻ്റ്സ്, ഒഎൻജിസി, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, എൻടിപിസി, എസ്ബിഐ, കാനറ ബാങ്ക്, കോൾ ഇന്ത്യ, ഐആർസിടിസി, എൽഐസി, ബിപിസിഎൽ, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, എൽ ആൻ്റ് ടി, ടാറ്റ പവർ കമ്പനി, സീമെൻസ്, ഡിഎൽഎഫ്, ഐഒസി, ശ്രീരാം ഫിനാൻസ്, ജിൻഡൽ സ്റ്റീൽ ആൻ്റ് പവർ, ടാറ്റ സ്റ്റീൽ, വേദാന്ത, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, എയർടെൽ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹാവൽസ് ഇന്ത്യ, അൾട്രാ ടെക് സിമൻ്റ്, ടാറ്റ മോട്ടോർസ് തുടങ്ങിയ കമ്പനികൾക്കെല്ലാം ഇന്ന് തിരിച്ചടി നേരിട്ടു.

Story Highlights : Post LS Election results, 31 lakh crore investors money wiped off from BSE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here