Advertisement

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിജയത്തിലേക്ക്, മായാവതിക്ക് പകരം ഉത്തര്‍പ്രദേശിന്റെ പുതിയ ദലിത് രാഷ്ട്രീയ മുഖം

June 4, 2024
Google News 2 minutes Read
Chandrasekhar Azad

ജാതി സമവാക്യങ്ങള്‍ ഉച്ചിയില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് പുതിയൊരു നേതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ടോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം യു.പിയിലെ നാഗിനയില്‍ ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) ക്കായി ജനവിധി തേടുന്ന ദലിത് നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് ബി.ജെ.പി സ്ഥാനാര്‍ഥി ഓം കുമാറിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡില്‍ മുന്നേറുകയാണ്. ആസാദിന്റെ രാഷ്ട്രീയ പക്ഷമുള്ള പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സുരേന്ദ്രപാല്‍ സിങ് മണ്ഡലത്തില്‍ നാലാം സ്ഥാനത്താണ്. ദളിത് രാഷ്ട്രീയത്തിലെ വളര്‍ന്നുവരുന്ന യുവ നേതാവായ ഭീം ആര്‍മി ഗ്രൂപ്പിന്റെ തലവനാണ് ചന്ദ്രശേഖര്‍ ആസാദ്. ഉത്തര്‍പ്രദേശിലെ പട്ടികജാതിക്കാരുടെ വലിയ നേതാവായ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയെ (ബിഎസ്പി) ബഹുദൂരം പിന്നാലാക്കിയുള്ള മുന്നേറ്റമാണ് ചന്ദ്രശേഖറിന്റേത്. കെറ്റില്‍ ചിഹ്നം വെച്ച് വോട്ട് തേടിയ അദ്ദേഹം മണ്ഡലത്തിലെ ദലിതരടക്കമുള്ള വോട്ടര്‍മാരോട് സംവദിച്ചത് എന്താണോ അതിനോട് ചേര്‍ന്നുനില്‍ക്കുകയാണ് നാഗിനി മണ്ഡലം.

Read Also: വടകരയില്‍ കെ കെ ശൈലജ വിജയിക്കും, പിണറായി വിജയന്‍ ഇഷ്ടനേതാവ്; വടകരയിലെ 24 ഇലക്ഷന്‍ സര്‍വെ ഫലം

ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ആസാദ് സമാജ് പാര്‍ട്ടിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി ആസാദ് ആണ്. ബിജെപി നയത്തെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വലിയ രീതിയില്‍ തന്റെ പ്രസംഗങ്ങളിലൂടെ വിമര്‍ശിക്കുന്ന ആസാദ് 2022-ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരില്‍ മണ്ഡലത്തില്‍ മത്സരിച്ച് കെട്ടിവെച്ച പണം നഷ്ടപ്പെട്ടിരുന്നു. 4,501 വോട്ടുകള്‍ മാത്രമാണ് അന്ന് 37 കാരനായ ആസാദിന് നേടാനായത്. ഇന്ത്യ മുന്നണിയോട് ചേര്‍ന്നു നില്‍ക്കാനുള്ള ക്ഷണം നിരസിച്ച ആസാദിന്റെ തീരുമാനം രാഷ്ട്രീയമായി ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് നാഗിനിയിലെ ലീഡ്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഗിരീഷ് ചന്ദ്രയാണ് നാഗിനയില്‍ നിന്ന് വിജയിച്ചത്. 568378 വോട്ടായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 2014-ല്‍ ആകട്ടെ 367825 വോട്ടുകള്‍ നേടി ബി.ജെ.പി സ്ഥാനാര്‍ഥി യശ്വന്ത് സിങ് ഒന്നാമത് എത്തിയത്. ഈ ചിത്രത്തെയാണ് ആസാദ് മാറ്റിമറിച്ചിരിക്കുന്നത്. ബി.എസ്.പിക്കൊപ്പം ബി.ജെ.പിക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും ആസാദ് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Read Also: പതിനായിരത്തിലധികം ലീഡ്; അവസാന റൗണ്ടിൽ ശശി തരൂരിന്‍റെ കുതിപ്പ്

യു.പി.യിലെ തന്റെ പ്രവര്‍ത്തനത്തിലൂടെ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി ഉണ്ടാക്കാനാണ് ആസാദ് ശ്രമിക്കുന്നത്. കാരണം പഴയ തലമുറ ഇപ്പോഴും ദലിത് ശാക്തീകരണത്തിന്റെ അവകാസം മായാവതിക്കും ബിഎസ്പിക്കം നല്‍കുന്നവരാണ്. എന്നാല്‍ വിധേയത്വം അവസാനിപ്പിക്കുന്നതിന്റെ സൂചന മായാവതിക്ക് ലഭിച്ചുവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. 2009-ല്‍ മണ്ഡല പുനഃക്രമീകരണത്തിലൂടെ രൂപീകരിക്കപ്പെട്ട നാഗിന അന്ന് മുതല്‍ എസ്പി, ബിഎസ്പി, ബിജെപി എന്നീ സ്ഥാനാര്‍ഥികളെ മാറിമാറി പുല്‍കുകയായിരുന്നു. പാരമ്പര്യ ശക്തികള്‍ ഉണ്ടായിരിക്കെ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നു വരുന്നതിനെ അംഗീകരിക്കുകയാണ് നാഗിന ജനം വിധി.

Story Highlights : Chandrasekhar Azad the new dalith political face

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here