ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപസാദൃശ്യമുള്ളയാളെ കാറിലിട്ട് ജീവനോടെ കത്തിച്ചു

ഉത്തർപ്രദേശിലും സുകുമാര കുറിപ്പ് മോഡൽ കൊലപാതകം.സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യമുള്ളയാളെ കാറലിട്ട് ജീവനോടെ കത്തിച്ച ഡോക്ടർ പൊലീസിന്റെ പിടിയിൽ. സുകുമാരക്കുറുപ്പ് കൊലപാതകം നടത്തി 40 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാ പുള്ളിയായി തുടരുകയാണെങ്കിൽ സഹാറൻപൂരിലെ സുകുമാരക്കുറുപ്പിനെ മൂന്ന് ദിവസം കൊണ്ടാണ് യുപി പൊലീസ് പിടികൂടിയത്.
സഹാറൻപൂരിലെ ഹബീബ്ഗഡിൽ ഡോക്ടറായ 35 കാരൻ മുബാറിക് അഹമ്മദ് ആണ് തന്റെ ക്ലിനിക്കിന് സമീപം താമസിച്ചു വന്നിരുന്ന സോനുവിനെ കാറിലിട്ട് ചുട്ടെരിച്ചു കൊന്നത്. 30 ലക്ഷത്തോളം രൂപയുടെ കടബാധ്യതയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്, ഇൻഷുറൻസ് തുക കിട്ടിയാൽ തന്റെ ബാധ്യതകൾ തീർക്കാമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇയാൾ ദിവസക്കൂലിക്കാരനായ സോനുവിനെ കൊന്നത്. മൂന്ന് വർഷമായുള്ള പരിചയമാണ് ഇരുവരും തമ്മിൽ. മദ്യം വാങ്ങി തരാമെന്ന വ്യാജേനയാണ് ഇയാൾ സോനുവിനെ വിളിച്ചുകൊണ്ടു പോകുന്നത്. പിന്നീട് ഇയാൾക്ക് മദ്യം വാങ്ങി നല്കുകയും ബോധം പോകുന്നതുവരെ കാത്തിരുന്ന ഡോക്ടർ ഇയാളെ സഹാറൻപൂരിലെ ഒരു കനാലിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കാറിനുള്ളിൽ പൂട്ടിയിട്ട് കത്തിക്കുകയുമായിരുന്നു. വാഹനത്തിന് തീപിടിക്കുന്ന സമയം കൊണ്ട് തന്നെ ഡോക്ടർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.
വഴിയാത്രക്കാരനാണ് കാറും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹവും ആദ്യം കാണുന്നത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ട സോനുവിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. മുബാറിക്കിനൊപ്പം സോനുവിനെ കണ്ടെന്നും ഇരുവരും അവസാനമായി മദ്യപിക്കുന്നത് കണ്ടിരുന്നുവെന്നും നാട്ടുകാർ പൊലീസിന് വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഡോക്ടറായ മുബാറക്കിനെ പിടികൂടുകയും ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു.
Read Also: വിസ്മയ കേസ് പ്രതി കിരൺ പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു
കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, ഹരിദാസ് സുകുമാരക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ്. അബുദാബിയിൽ ഭാര്യയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു കുറുപ്പ് 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമായിരുന്നു 1984 ൽ നടന്ന ഫിലിം റപ്രസന്റേറ്റീവ് എൻ ജെ.ചാക്കോയുടേത്.മോര്‍ച്ചറിയും ശ്‌മശാനവുമെല്ലാം കയറിയിറങ്ങിയ കുറുപ്പിന് തനിക്കനുയോജ്യമായ ഒരു മൃതശരീരം ലഭിച്ചില്ല. എങ്ങനെയും അനുയോജ്യനായ ഒരാളെ കിട്ടാന്‍ കുറിപ്പിന്റെ നിർദ്ദേശമനുസരിച്ച് ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാ സഹോദരന്‍ ഭാസ്‌കരപ്പിള്ളയും ഹരിപ്പാട് മുതല്‍ ആലപ്പുഴ വരെയുള്ള ഹൈവേയില്‍ സ്ഥിരമായി കറങ്ങി.അപ്പോഴാണ് ആലപ്പുഴയ്ക്കു പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പ് കാറിൽക്കയറ്റുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കുറുപ്പിന്റെ ഏകദേശ രൂപസാദൃശ്യമുള്ളയാളായിരുന്നു ചാക്കോ. തുടർന്ന് നിർബന്ധിപ്പിച്ച് ചാക്കോയ്ക്ക് മദ്യം കഴിപ്പിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി. പിന്നീട് ഭാസ്‌കരപിള്ളയുടെ വീട്ടില്‍വെച്ച് ഇയാളുടെ തല പെട്രോളൊഴിച്ച് കരിയിച്ചുകളയുകയും, കുറുപ്പിന്റെ നേതൃത്വത്തില്‍ കുന്നത്തെ വയലില്‍ കാറും മൃതദേഹവും ഇറക്കി കത്തിക്കുകയുമായിരുന്നു.
ഇതിനിടയ്ക്ക് ചാക്കോ എന്നയാളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. ചാക്കോ മരിക്കുമ്പോള്‍ അയാളുടെ ഭാര്യ പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു. ഈ പരാതിയും കുറുപ്പിന്റെ ഡ്രൈവറായ പൊന്നപ്പന്റെ മൊഴിയുമാണ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ചാക്കോ എന്ന ഫിലിം റെപ്രെസെന്റേറ്റിവാണെന്നുമുള്ള യാഥാര്‍ത്ഥ്യം വെളിവാകാന്‍ സഹായിച്ചത്. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും കുറുപ്പ് പോലീസിന്റെ മൂക്കിന്‍ തുമ്പത്ത് തന്നെയുണ്ടായിരുന്നു. കൊല നടത്തിയ ശേഷം കുറുപ്പ് ഭൂട്ടാനിലേക്കാണ് കടന്നുകളഞ്ഞത്. പക്ഷെ പലപ്പോഴായും അയാള്‍ നാട്ടില്‍ വന്നുപോകാറുമുണ്ടായിരുന്നു. അത്തരത്തില്‍ വിവരം ലഭിച്ചയിടത്തെല്ലാം പൊലീസ് ചെല്ലുമ്പോഴേക്കും അയാള്‍ അവിടെനിന്ന് മറഞ്ഞിരിക്കും.കുറുപ്പിനെ പിന്നീട് പലയിടങ്ങളിലായും ആളുകൾ കണ്ടെന്ന തരത്തിൽ വാർത്തകൾ വരാറുണ്ട്. ഇതേ കഥയെ ആസ്പദമാക്കിയാണ് ദുൽഖർ സൽമാനെ നായകനാക്കി കുറുപ്പ് സിനിമ ഇറങ്ങിയത്. കുറുപ്പ് എന്ന ചിത്രത്തിന് മുന്‍പും സുകുമാരക്കുറുപ്പിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്.
Story Highlights : Sukumara kurup model murder in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here