Advertisement

മണ്ണിടിച്ചില്‍;താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു, ആംബുലൻസ് കടത്തിവിടും

8 hours ago
Google News 1 minute Read
churam

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. മറ്റു വാഹന അടിവാരത്തും,ലക്കിടിയിലും തടയുമെന്ന് താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം രേഖ, ഹസാഡ് അനലിസ്റ്റ് പി അശ്വതി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അതേസമയം, ഇന്ന് രാവിലെ മുതലാണ് ചുരം റോഡ് പൂർണമായും വീണ്ടും അടച്ചത്. മഴ കനത്തു പെയ്യുന്ന സാഹചര്യത്തിൽ നേരത്തെ മലയിടിഞ്ഞ സ്ഥലത്ത് നിന്ന് പാറകളും മണ്ണും വീണ്ടും അടർന്നുവീണു. കോഴിക്കോട് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഇന്നലെ രാത്രി ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി എന്ന് പറഞ്ഞിരുന്നെങ്കിലും ചുരത്തിലൂടെ വാഹനങ്ങൾ ഓടിയിരുന്നു. ഇന്ന് രാവിലെ മഴ ശക്തമായി. നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പാറകൾ റോഡിലേക്ക് പതിച്ചു. ഇതോടെ ഗതാഗതം പൂർണമായും നിർത്തി വയ്ക്കേണ്ടി വന്നു. യാത്രക്കാർ പലരും വഴിയിൽ കുടുങ്ങി.

Story Highlights : Traffic through Thamarassery Pass completely banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here