Advertisement

‘ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും’: മുഖ്യമന്ത്രി

June 19, 2024
1 minute Read

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സണ്ണി ജോസഫിൻ്റെ അടിയന്തരപ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

കണ്ണൂര്‍ കുടക്കളം സ്വദേശി വേലായുധന്‍ വീടിനു സമീപത്തെ കണ്ണോളി മോഹനന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കിട്ടിയ സ്റ്റീല്‍ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരണപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി.

പൊലീസ് ഇക്കാര്യത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത്, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ക്രൈം നം. 607/2024 ആയി തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നു.

പാനൂരില്‍ ഈയിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Pinarayi Vijayan About Bomb Attack in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top