ഇന്ത്യൻ വംശജരെ ആക്രമിച്ച ടെക്സസ് സ്വദേശിനിക്ക് ജയിൽശിക്ഷ

ഇന്ത്യൻ വംശജരായ നാല് യുവതികളെ വംശീയാധിക്ഷേപം നടത്തുകയും ആക്രമിക്കുകയും ചെയ്ത ടെക്സസ് സ്വദേശി എസ്മരാൾഡ അപ്ടോൺ(59) കുറ്റക്കാരിയാണെന്ന് കോടതി. രണ്ടുവർഷത്തെ കമ്മ്യൂണിറ്റി സേവനവും കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവുമാണ് ശിക്ഷ. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ടെക്സസിലെ പ്ലാനോയിലെ ഒരു റെസ്റ്ററൻ്റിനു മുമ്പിൽ വെച്ചാണ് എസ്മരാൾഡ ഇന്ത്യൻ വംശജരായ നാല് യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്ലാനോ പൊലീസ് സ്ഥലത്തെത്തിയിട്ടും എസ്മരാൾഡ വംശീയ അധിക്ഷേപം തുടർന്നുകൊണ്ടേയിരുന്നതായും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മെക്സിക്കൻ അമേരിക്കൻ വംശജയായ എസ്മരാൾഡ ആക്രമണം, വിദ്വേഷ കുറ്റകൃത്യം, വധഭീഷണി തുടങ്ങിയ വകുപ്പുകളിൽ കുറ്റം സമ്മതിച്ചു. എസ്മരാൾഡയുടെ വംശീയാധിക്ഷേപത്തിനും ആക്രമണത്തിനുമിരയായ നാലുപേരിൽ ഒരാളായ അനാമിക ചാറ്റർജി കോടതിയിൽ വായിച്ച പ്രസ്താവനയിൽ ഈ സംഭവം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് തങ്ങളാരും മുക്തരായിട്ടില്ലെന്ന് വ്യക്തമാക്കി.”അമേരിക്കയിൽ ജനിച്ച എൻ്റെ മക്കൾ കാണാൻ ഇന്ത്യക്കാരപ്പോലെയാണ്. നിങ്ങളുടെ വെറുപ്പും ആക്രമണവും കാരണം ഞാൻ അവരെയോർത്തു നിരന്തര ഭീതിയിലാണ്. നിങ്ങൾ എന്നോടു ചെയ്ത ഹീനകൃത്യത്തിൻ്റെ അനന്തരഫലം ഇതാണ്, നിരന്തരമായ ആകുലതയും ഉത്കണ്ഠയും. നിങ്ങളെപ്പോലെ ന്യൂനപക്ഷ പശ്ചാത്തലമുള്ള ഒരാളെങ്ങനെയാണ് ഒരുതരിപോലും നാണമില്ലാതെ ഇത്തരമൊരു പ്രവർത്തി ചെയ്യാൻ മുതിർന്നതെന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്”- അനാമിക ചാറ്റർജി കോടതിയിൽ പറഞ്ഞു.
എസ്മരാൾഡ അപ്ടോണിൻ്റെ നാല്പതുദിവസ ജയിൽവാസം വാരാന്ത്യങ്ങളിലാണ് അനുഭവിക്കേണ്ടത്. എസ്മരാൾഡയ്ക്കെതിരെ ആക്രമണത്തിന് ഇരയായ നാലുപേരും നൽകിയ സിവിൽ സ്യൂട്ട് ഇനിയും തീർപ്പായിട്ടില്ല.
Story Highlights : Esmeralda Upton has been charged for hate crime in Texas against four Indian-American women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here