‘ഹിന്ദുക്കളെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണം’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പാർലമെൻ്റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെ മേൽ കുതിര കയറുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ നടത്തിയത്.
ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്. ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്. എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിൻ്റെ പാർട്ടിക്കാർ. വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോരാണ് പാർലമെന്റിൽ കാണാൻ കഴിഞ്ഞത് . ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.
Story Highlights : ‘Rahul Gandhi should apologize for insulting Hindus’: K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here