ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനേയും മര്‍ദിച്ച് കര്‍ണപടം പൊട്ടിച്ചിട്ടില്ല, ഏതെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിക്കാനുണ്ടോ? ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍

കോഴിക്കോട് ഗുരുദേവ കോളജിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോളജ് പ്രിന്‍സിപ്പല്‍ ഡോ സുനില്‍ ഭാസ്‌കര്‍. താന്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനേയും മര്‍ദിച്ചിട്ടില്ലെന്നും കര്‍ണപടം പൊട്ടിച്ചിട്ടില്ലെന്നും ഡോ സുനില്‍ ഭാസ്‌കര്‍ പറഞ്ഞു. അവിടെ നിരവധി സിസിടിവികള്‍ ഉണ്ടായിരുന്നില്ലേയെന്നും കുട്ടിയെ മര്‍ദിച്ചു എന്നതില്‍ തനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ കാണിക്കാനാകുമോ എന്നും പ്രിന്‍സിപ്പല്‍ ചോദിച്ചു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (gurudeva college principal against sfi)
താന്‍ മര്‍ദിച്ചുവെന്ന് പറയുന്ന വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐക്കാരും തന്നെ ആശുപത്രി മുറിയുടെ അകത്തിരുത്തി ഡോക്ടറെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി സംസാരിച്ചെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഇതിന് ശേഷമാണ് കര്‍ണപടം പൊട്ടിയെന്ന റിപ്പോര്‍ട്ട് വന്നതെന്നും ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതാണെന്നും ഡോ സുനില്‍ ഭാസ്‌കര്‍ പറഞ്ഞു. ഡോക്ടറും എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥികളും മാറിനിന്ന് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരന്തരം ബിജെപി അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്യുന്നത് ധാര്‍മികമായി ശരിയാണോ എന്ന് ചര്‍ച്ചയില്‍ പരാമര്‍ശമുയര്‍ന്നപ്പോള്‍ പ്രിന്‍സിപ്പലിന് രാഷ്ട്രീയം പാടില്ലെന്ന് നിയമമില്ലല്ലോ എന്നായിരുന്നു ഡോ സുനില്‍ ഭാസ്‌കറിന്റെ മറുപടി. തനിക്ക് കൃത്യമായി രാഷ്ട്രീയമുണ്ട്. എന്നുകരുതി വിദ്യാര്‍ത്ഥികളോട് താന്‍ ഒരുതരത്തിലുമുള്ള തരംതിരിവ് കാണിച്ചിട്ടില്ല. എസ്എഫ്‌ഐ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ എത്തിച്ചുതരണമെന്നും ഡോ സുനില്‍ ഭാസ്‌കര്‍ പരിഹസിച്ചു.
Story Highlights : gurudeva college principal against sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here