Advertisement

‘പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്

July 5, 2024
Google News 2 minutes Read

ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയോട് തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.

വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം പാർലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബർ പാർട്ടി നേതാവായ കീർ സ്റ്റാർമാറെ ഋഷി സുനക് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവിയുടെ സ്ഥിരതയും വാഗ്ദാനവും ഉയർത്തിക്കാട്ടിക്കൊണ്ട്, സമാധാനപരമായ അധികാര പരിവർത്തനത്തിന് ഋഷി സുനക് ആഹ്വാനം ചെയ്തു.

650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.

ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു. അവർ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ വ്യക്തമാക്കി.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.

Story Highlights : Rishi Sunak concedes defeat as Labour Party crosses majority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here