Advertisement

‘ക്ഷേമപെന്‍ഷനുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും കൃത്യമായി വിതരണം ചെയ്യാനും സര്‍ക്കാരിന് സാധിച്ചു’: മുഖ്യമന്ത്രി

July 10, 2024
Google News 2 minutes Read

2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണെന്ന് മുഖ്യമന്ത്രി. 2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും തുല്യ പ്രാധാന്യം നല്‍കുന്ന നയമാണ് സ്വീകരിച്ചത്. മുടങ്ങിക്കിടന്ന വന്‍കിട പദ്ധതികളായ ദേശീയപാതാ വികസനം, ഗെയ്ല്‍ പൈപ്പ്ലൈന്‍, കൊച്ചി – ഇടമണ്‍ പവര്‍ഹൈവേ എന്നിവ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സംസ്ഥാനത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും ഭവനരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുന്നതിലും സര്‍ക്കാര്‍ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഇതിനൊപ്പം ക്ഷേമപെന്‍ഷനുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും കൃത്യമായി വിതരണം ചെയ്യാനും സര്‍ക്കാരിനു സാധിച്ചു. സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാനും സാധിച്ചു. എന്നാല്‍, 2022 മാര്‍ച്ച് 31-ാം തീയതി കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന്‍റെ വായ്പാപരിധി മുന്‍കാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കുവാന്‍ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീരുമാനമെടുത്തു. കേരളത്തില്‍ സമാനതകളില്ലാത്ത വികസനം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നോട്ടു നീക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നടത്തിയ ഇടപെടലുകളാണ് എന്ന കാര്യം ഈ സഭയിലുള്ള എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും ബോധ്യമുള്ളതാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ തനതു റവന്യൂ വരുമാനത്തിന്‍റെ ഒരു നിശ്ചിത ശതമാനം കിഫ്ബിക്കായി നീക്കിവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ നടത്തിവരുന്നത്. എന്നാല്‍, കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പയായി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുന്ന സമീപനം കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടത് സംസ്ഥാനത്തിന് 12,560 കോടി രൂപയുടെ വെട്ടിക്കുറവ് വായ്പാപരിധിയില്‍ ഉണ്ടായി. ഇതിനു പുറമെ, കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍, ധനകാര്യ കമ്മീഷന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണുള്ളത്. അതിന്‍റെ പേരില്‍ കേരളത്തിന്‍റെ നികുതി വിഹിതം കുറയ്ക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മേല്‍പ്പറഞ്ഞ സാമ്പത്തിക ഉപരോധത്തിനൊപ്പം ധനകാര്യ കമ്മീഷനുകളില്‍ നിന്നും ലഭിക്കുന്ന നികുതിവിഹിതത്തിലും ക്രമാനുഗതമായ കുറവ് കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യം മാത്രം പറഞ്ഞാല്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 2.505 ശതമാനം നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞു. 2020-21 ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ 2023-24 ല്‍ 12,068 കോടി രൂപയായി കുറഞ്ഞു. മൂന്നു വര്‍ഷക്കാലയളവില്‍ 19,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഗ്രാന്‍റിനത്തില്‍ കുറവുണ്ടായിരിക്കുന്നത്.

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സഹായം കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ വലിയ ഇടിവ് നേരിട്ടു എന്നതാണ്. മിക്ക പദ്ധതികള്‍ക്കും 75 ശതമാനം കേന്ദ്ര ഗ്രാന്‍റുകള്‍ ലഭ്യമായിരുന്നവയില്‍ നിന്നും 60 ശതമാനമായി മാറിയിട്ടുണ്ട്.

ഐ.സി.ഡി.എസ് പോലുള്ള ചില പ്രധാന പദ്ധതികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.

നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികള്‍ക്കുള്ള ധനസഹായം ലഭിക്കുന്നതില്‍ വലിയ കാലവിളംബം നേരിടുകയും ചെയ്യുന്നുണ്ട്. ബ്രാന്‍ഡിംഗിന്‍റെ പേരില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായം തടഞ്ഞുവെക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത സമീപനവും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി.

കേന്ദ്രത്തിന്‍റെ പ്രതികൂല സമീപനത്തിനിടയിലും സംസ്ഥാനം തനതു നികുതി വരുമാനം കഴിഞ്ഞ മൂന്നു വര്‍ഷക്കാലംകൊണ്ട് 56 ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ് സാമ്പത്തിക കാര്യത്തില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. കടക്കെണി എന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കുമ്പോഴും കേരളത്തിന്‍റെ കടം – ആഭ്യന്തര വരുമാന അനുപാതം 2020-21 ല്‍ 38.47 ശതമാനമായിരുന്നത് 2023-24 ല്‍ 33.4 ശതമാനമാക്കി കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.

എന്നാലും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കുള്ള പല ക്ഷേമാനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ കുടിശ്ശിക ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ കാരണം ഉണ്ടായതല്ല. ക്ഷേമാനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി വിതരണം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഈ കുടിശ്ശിക നിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Pinarayi Vijayan in Niyamasabha on Pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here