Advertisement

നാഗങ്ങളും ദിവ്യാത്മാവുകളും കാവൽ നിൽക്കുന്ന അറ, ഇടുങ്ങിയ വഴി; താക്കോൽ വഴിമുടക്കിയില്ലെങ്കിൽ പുരി ക്ഷേത്രത്തിലെ നിലവറ 14 ന് തുറക്കും

July 11, 2024
Google News 2 minutes Read
Puri Temple

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറ തുറന്ന് രത്ന ഭണ്ഡാരത്തിലെ സാധനങ്ങളുടെ ആകെ മൂല്യം അളക്കാൻ തീരുമാനിച്ചു. ഇതിനായി ജൂലൈ 14 ന് നിലവറകൾ തുറക്കും. സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ച ബിജെപി സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇത്. 1978 ലാണ് ഒടുവിൽ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് കണക്കിലെടുത്തത്. 2018 ൽ അറ തുറക്കാൻ ശ്രമിച്ചെങ്കിലും താക്കോൽ മാറിപ്പോയതിനാൽ നടന്നില്ല. ഇതേച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും ശക്തമാണ്. കേരളത്തിൽ 2011 ൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ ഹൈക്കോടതി ഉത്തരവിലൂടെ തുറന്നതിന് സമാനമായതാണ് ഒഡിഷയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഒഡിഷ സർക്കാർ രൂപീകരിച്ച ഉന്നത തല സമിതി ചൊവ്വാഴ്ച പുരിയിൽ യോഗം ചേർന്നാണ് രത്ന ഭണ്ഡാരം തുറക്കാൻ തീരുമാനിച്ചത്. ഒഡിഷ ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ബിശ്വനാഥ രഥ് ആണ് സമിതിയുടെ ചെയർമാൻ. രത്ന ഭണ്ഡാരത്തിൽ മൂന്ന് അറകളിലായാണ് മൂല്യമേറിയ ആഭരണങ്ങളും രത്നങ്ങളും അടക്കം സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത് ഭിടാർ ഭണ്ഡാർ എന്നറിയപ്പെടുന്ന അറയിലെ ആഭരണങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല. രണ്ടാമത്തെ അറയിലെ ആഭരണങ്ങളാണ് വിശേഷ ദിവസങ്ങളിലും രഥ യാത്ര പോലുള്ള ഉത്സവ സമയത്തും തുറക്കുന്നത്. ബഹർ ഭണ്ഡാർ എന്ന മൂന്നാമത്തെ അറയിലുള്ളവ ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്.

എന്നാൽ ക്ഷേത്രത്തിലെ രഹസ്യ അറകൾ തുറക്കാൻ പോകുന്ന ചെറു സംഘം പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർത്ഥന നടത്തും. തങ്ങൾ അറകൾക്കുള്ളിൽ കാണുന്നതിനെ കുറിച്ചൊന്നും പുറത്ത് പറയില്ലെന്ന് ദേവപ്രതിഷ്ഠയ്ക്ക് മുന്നിൽ സത്യം ചെയ്ത ശേഷമേ ഇവർ അറകളിലേക്ക് പോകൂ. ഇത്തരത്തിൽ പോകേണ്ടവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. അറകളിലേക്കുള്ള വഴി തീരെ ഇടുങ്ങിയതായതിനാൽ ചെറിയ സംഘത്തിന് മാത്രമേ ഇവിടേക്ക് പോകാനാവൂ. കുളിച്ച ശേഷം അടിവസ്ത്രങ്ങൾ ഇടാതെ ഈറനോടെ കൈത്തറിയിൽ നെയ്തെടുത്ത ഒറ്റമുണ്ട് മാത്രം അണിഞ്ഞാവും ഇവർ ഭണ്ഡാരത്തിന് അകത്തേക്ക് പ്രവേശിക്കുക. അടിയന്തിര ഘട്ടത്തിൽ സഹായിക്കാൻ വൈദ്യ സംഘവും ഉണ്ടാകും. നാഗങ്ങളും ദിവ്യ ആത്മാവുകളും അറകൾക്ക് കാവൽ നിൽക്കുന്നുവെന്നാണ് വിശ്വാസം. 1905 ലാണ് ഈ അറ ആദ്യമായി തുറന്നത്. അന്ന് ബ്രിട്ടീഷ് ഭരണകൂടമാണ് അറ ആദ്യം തുറന്നത്. 1926 ൽ ആദ്യമായി ഭണ്ഡാരത്തിൻ്റെ കണക്കെടുത്തി. 1978 ൽ അന്നത്തെ ഒഡിഷ ഗവർണർ ഭഗബത് ദയാൽ ശർമയുടെ നേതൃത്വത്തിൽ അറകൾ വീണ്ടും തുറന്നു.

അവസാനമായി കണക്കെടുപ്പ് നടന്നപ്പോൾ അത് പൂർത്തിയാക്കാൻ 70 ദിവസമാണ് സമയമെടുത്തത്. റിപ്പോർട്ടിൻ്റെ പകർപ്പ് ഹൈക്കോടതിക്കും ക്ഷേത്ര ട്രസ്റ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നൽകി. കണക്കെടുപ്പിൻ്റെ രഹസ്യസ്വഭാവം നിലനിർത്തി കൊണ്ടാണ് പിന്നീടുള്ള നിയമനടപടികൾ മുന്നോട്ട് പോയത്. 2018 ൽ ഭണ്ഡാരത്തിൻ്റെ കണക്കെടുക്കാൻ ശ്രമിച്ചെങ്കിലും ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അറ തുറക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചിരുന്നു. ഇത്തവണ അറകൾ തുറക്കാൻ സാധിച്ചാൽ ആഭരണങ്ങൾ സ്വർണപ്പണിക്കാരുടെ സഹായത്തോടെ സ്വർണം, വജ്രം, മരതകം എന്നിങ്ങനെ തരം തിരിക്കും. ഏതെങ്കിലും ആഭരണത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. എന്നാൽ ഈ സമയത്തെല്ലാം ക്ഷേത്രത്തിൽ ഭക്തർക്ക് പതിവ് പോലെ ദർശനം നടത്താനും സാധിക്കും.

കേരളത്തിൽ 2011 ജൂലൈ മാസത്തിലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്നത്. എ നിലവറ തുറന്നത് വലിയ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നു. എ നിലവറയുടെ പ്രവേശന കവാടം കഴിഞ്ഞ് മുന്നോട്ട് ഇറങ്ങിയപ്പോൾ പൊടിപിടിച്ച ഒഴിഞ്ഞ മുറിയായിരുന്നു. അതിന്റെ നിലത്ത് സ്ഥാപിച്ച കല്ല് പാളികൾ നീക്കി താഴേക്ക് ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന ഇടുങ്ങിയ മുറിയിറങ്ങിപ്പോയവർ കണഞ്ചിപ്പിക്കുന്ന നിധി ശേഖരം കണ്ട് അമ്പരന്നു. സ്വർണമണികൾ നിറച്ച ചാക്കുകൾ, സ്വർണക്കയർ, സ്വർണ വിഗ്രഹങ്ങൾ, കിരീടങ്ങൾ തുടങ്ങി 90000 കോടി രൂപ വിലമതിക്കുന്ന നിധി ശേഖരമാണ് ഈ നിലവറയിൽ മാത്രം കണ്ടത്. എന്നാൽ പിന്നീട് ബി നിലവറ തുറക്കാനുള്ള തീരുമാനം സുപ്രീം കോടതി ക്ഷേത്ര ഭരണ സമിതിക്ക് വിട്ടു. തുറക്കേണ്ടെന്ന് ഭരണ സമിതി തീരുമാനിച്ചതോടെ അളവറ്റ നിധിശേഖരം ഈ നിലവറയിലുമുണ്ടെന്ന സംശയം മാത്രം ബാക്കിയാവുകയായിരുന്നു.

Story Highlights :  Puri Jagannath temple’s Ratna Bhandar will be opened on July 14th for inventory.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here