‘എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്?; മകൻ ജീവനോടെ തിരികെ വരുമെന്ന പ്രതീക്ഷ അവസാനിച്ചു’; അർജുന്റെ അമ്മ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ വിഷമമുണ്ടെന്ന് അർജുൻ്റെ കുടുംബം. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അമ്മ ഷീല പറഞ്ഞു . പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. അവർക്ക് യാതൊന്നും ചെയ്യാനായില്ല. ഇന്ത്യൻ മിലിട്ടറിയുടെ ഈ അവസ്ഥയിൽ തങ്ങൾക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ടെന്നും അമ്മ പറഞ്ഞു.
അഫ്ഗാനിൽ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയിൽ തന്നെയാണോ എന്നാണ് സംശയിക്കുന്നത്. തന്റെ മകന് അപകടത്തിൽ എന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ അത് ഉൾക്കൊള്ളും. സഹനം എന്നതിന്റെ അങ്ങേ തലയ്ക്കൽ എത്തിയിരിക്കുകയാണ്. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. വീഴാൻ സാധ്യതയുള്ള ഒരു കുഴിയിൽ തപ്പാതെ അവിടെ മണ്ണ് കൊണ്ടു പോയിട്ടുവെന്നും അമ്മ പറഞ്ഞു.
ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിനെ ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. ഒരു മനുഷ്യനെ രക്ഷിക്കാൻ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മൾ മലയാളികൾ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവർക്ക് നീതി ലഭിക്കുന്നില്ല. ഇന്നത്തെ തെരച്ചിലിലും കരയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ പ്രതികരണവുമായി എത്തിയത്.
Story Highlights : Ankola landslide, Arjun’s family expressed dissatisfaction with the search for Arjun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here