Advertisement

പുതിയ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പരിശോധന; അർജുനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്

July 24, 2024
Google News 2 minutes Read

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. തെരച്ചിലിന് ഇന്ന് ആധുനിക സംവിധാനങ്ങൾ എത്തിക്കും. ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായി പരിശോധന നടത്തും. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രം എത്തിച്ചിട്ടുണ്ട്.

പുഴയിലെ ആഴത്തിലുള്ള തെരച്ചിലിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ 24നോട്‌ പറഞ്ഞു. ലോറി ഇന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അർജുന്റെ ബന്ധുക്കളുമായി സംസാരിച്ചു. ബന്ധുക്കൾക്ക് ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേവിയുടെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ചാണ് ഗംഗാവലിയുടെ ആഴങ്ങളിൽ ഇന്നലെ പരിശോധന നടത്തിയത്. പുഴയിലെ തെരച്ചിൽ ദുഷ്കരമായി തുടരുന്നുവെങ്കിലും, ഗംഗാവലിയിലെ മൺകൂനയിൽ സൈന്യത്തിന്റെ റഡാർ പരിശോധനയിൽ ലഭിച്ച പുതിയ സിഗ്നൽ വീണ്ടും പ്രതീക്ഷ നൽകുകയാണ്.

അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവർ ഇന്ന് മറുപടി അറിയിക്കും. അര്‍ജുനായുള്ള തിരച്ചില്‍ ഒൻപതാം ദിവസവും തുടരുകയാണ്.
ഇതുവരെയുള്ള രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.

Story Highlights :  Search Enters 9th Day, No Trace Of Arjun Ankola Landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here