നദിക്കടിയിലെ ട്രക്ക് അർജുന്‍റേത് തന്നെ; സ്ഥിരീകരിച്ച് ദൗത്യ സംഘം

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.
മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.
സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല.
ഇതിനിടെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയത്.
Story Highlights : Karnataka landslide: Arjun’s lorry found in Gangavali river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here