ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകി: വീണാ ജോർജ്

ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയിരിക്കുന്നത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു.
കൂടാതെ മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്
വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ചുളിക്ക മദ്രസ ഹാളാണ് അവർ വിട്ടു നൽകിയത്. ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ അന്തർദേശീയ ഗൈഡ്ലൈൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Story Highlights : Veena George Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here