അദാനി ഗ്രൂപ്പിൻ്റെ തലപ്പത്ത് നിന്ന് ഒഴിയുമെന്ന് ഗൗതം അദാനി; ചുമതല കൈമാറാൻ തീരുമാനം, അവകാശികൾ മക്കളും മരുമക്കളും
അദാനി ഗ്രൂപ്പിൻ്റെ തലപ്പത്ത് എക്കാലവും തുടരാനില്ലെന്ന നയം വ്യക്തമാക്കി ഗൗതം അദാനി. ഇപ്പോൾ 62 വയസുകാരനായ അദ്ദേഹം നാല് മക്കൾക്ക് ചുമതല കൈമാറുമെന്നാണ് ബ്ലൂംബെർഗ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 2030 കളുടെ തുടക്കത്തിൽ തനിക്ക് 70 വയസാകുമ്പോൾ ഇപ്പോൾ കയ്യാളുന്ന ചുമതലകളെല്ലാം നാല് പേർക്കായി വീതിച്ച് വിശ്രമ ജീവിതത്തിലേക്ക് പോകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
തൻ്റെ രണ്ട് മക്കളായ കരൺ, ജീത് എന്നിവർക്കും മരുമക്കളായ പ്രണവിനും സാഗറിനുമായി ബിസിനസ് തുല്യമായി വീതിച്ച് നൽകാനാണ് ഗൗതം അദാനിയുടെ പദ്ധതി. ഇത് സംബന്ധിച്ച എല്ലാ കാര്യവും രഹസ്യമാക്കി വെച്ചിരിക്കുകയാണ് അദാനി കുടുംബം.
ഗൗതം അദാനിയുടെ പ്രതികരണത്തിൽ കൂടുതൽ വിശദീകരണത്തിന് അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനിയാണ് അദാനി പോർട്‌സിൻ്റെ മാനേജിങ് ഡയറക്ടർ. ഇളയ മകൻ ജീത് അദാനി ഇപ്പോൾ അദാനി എയർപോർട്സ് ഡയറക്ടറാണ്. അദാനി എൻ്റർപ്രൈസസിൻ്റെ ഡയറക്ടറാണ് പ്രണവ് അദാനി. അദാനി ഗ്രീൻ എനർജിയുടെ ഡയറക്ടർ പദവിയാണ് സാഗർ അദാനി കൈയ്യാളുന്നത്.
പ്രതിസന്ധിയിലും സുപ്രധാന നയ തീരുമാനങ്ങളിലും കുടുംബത്തിൻ്റെ ഐക്യം മുൻനിർത്തി കൂട്ടായ തീരുമാനങ്ങൾ എടുക്കാവുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഗൗതം അദാനി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Gautam Adani plans to cede control to family by early 2030s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here