‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി
കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു. ഇപ്പോൾ മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് പി കെ ശ്രീമതി.
തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രശംസ. ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്. മോഹൻലാൽ സിനിമാരംഗത്തുള്ളവർക്ക് മാതൃകയെന്നും പി കെ ശ്രീമതി കുറിച്ചു. കൂടാതെ ദുരന്ത ഭൂമിയിൽ എത്തിയപ്പോൾ ഒരു യുവതി അദ്ദേഹത്തിനടുത്തേക്ക് വന്നതും മോഹൻലാൽ മറുപടി നൽകിയതും പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
ദുരന്ത ഭൂമിയിൽ നിന്നും ഒരു യുവതി; എല്ലാവരും വരും പോകും പിന്നെ ഞങ്ങൾ ഒറ്റയ്ക്കാകും. മോഹൻലാൽ: ഒരിക്കലും ഒറ്റയ്ക്കാകില്ല എന്ന ഉറപ്പ് നൽകാനാണ് ഞാൻ വന്നത് എന്നുമായിരുന്നു കുറിപ്പ്. അതേസമയം വയനാടിന് ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ 2015ൽ മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. പൂര്‍ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി.
Story Highlights : PK Sreemathi Praises Mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here