‘ദത്ത് എടുക്കേണ്ട സാഹചര്യം വയനാട്ടിൽ ഇല്ല, കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണത്തിൽ’; മന്ത്രി വീണ ജോർജ്
ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ലെന്ന് മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
വയനാട്ടിലെ ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും
അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും അറിയിച്ചു
അതേസമയം വയനാട് ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും മന്ത്രിസഭാ സമിതി നിര്‍ദേശം നല്‍കി.
Story Highlights : Veena Geroge about adopt orphans of Wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here