Advertisement

വയനാട് ദുരന്തമുഖത്ത് ഇതിനകം വിതരണം ചെയ്തത് അഞ്ചു ലക്ഷം ലിറ്റര്‍ ശുദ്ധജലം

August 8, 2024
Google News 1 minute Read

വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെല്ലാം നശിക്കുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്തെങ്കിലും കുടിവെള്ളത്തിനോ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട ശുദ്ധ ജലത്തിനോ വേണ്ടി ആരും ബുദ്ധിമുട്ടേണ്ടി വരാത്ത വിധം ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വാട്ടർ അതോറിറ്റി നടത്തുന്നത്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആദ്യദിനം മുതല്‍ ആവശ്യത്തിന് കുടിവെള്ളം ഉറപ്പുവരുത്താനായി. ആദ്യദിവസം മാത്രം 7000 ലിറ്റര്‍ വെള്ളമാണ് വാട്ടർ അതോറിറ്റി വിതരണം ചെയ്തത്. ആദ്യ ദിവസം സന്നദ്ധ സംഘടനകള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയും വാട്ടര്‍ അതോറിറ്റി വെന്റിങ് പോയിന്റുകളില്‍നിന്നു കുടിവെള്ളം നിറച്ചു നല്‍കുകയുമാണ് ചെയ്തിരുന്നത്.

രക്ഷാ, തിരച്ചില്‍ ദൗത്യങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥര്യം സന്നദ്ധപ്രവര്‍ത്തകരുമെത്തിയതോടെ വെള്ളത്തിന്റെ ആവശ്യം കൂടി. ജില്ലയില്‍ വാട്ടര്‍ അതോറിറ്റിക്ക് കുടിവെള്ള ടാങ്കര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട്നിന്ന് ടാങ്കര്‍ വരുത്തിയും സ്വകാര്യ ടാങ്കറുകള്‍ ഉപയോഗിച്ചും അതോറിറ്റി തന്നെ ജലവതരണം പൂര്‍ണമായും ഏറ്റെടുത്തു. പിന്നീട് സന്നദ്ധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ ടാങ്കറുകളുടെ ചെലവും വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തു.

മേപ്പാടി ജിയുപി സ്‌കൂള്‍, ജിഎച്ച്എസ്എസ്, ജിഎല്‍പിഎസ്, ഹെല്‍ത്ത് സെന്റര്‍ മേപ്പാടി, മിലിറ്ററി ക്യാമ്പ് മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍ മേപ്പാടി, എംഎസ്എ ഹാള്‍ മേപ്പാടി, ജിഎപിഎസ് റിപ്പണ്‍ തുടങ്ങി ആവശ്യമുള്ള എല്ലായിടങ്ങളിലും കൃത്യമായ ഇടവേളകളില്‍ ശുദ്ധജല വിതരണം അതോറിറ്റി നടത്തിവരുന്നു. നിലവില്‍ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ക്യാംപുകളിലും മറ്റുമായി വിതരണം ചെയ്യുന്നതെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി. കെ. ജിതേഷ് പറഞ്ഞു.

കാരാപ്പുഴയില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കല്‍പ്പറ്റയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ നിറച്ചാണ് വിതരണം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൃത്യമായ ഇടവേളകളില്‍ വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നടത്തുന്നുണ്ട്.

പുഞ്ചിരിമറ്റം, മുണ്ടക്കൈ ഭാഗങ്ങളില്‍ സ്ഥാപിച്ച ബയോ ടോയ്‌ലറ്റുകളിലേക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റിയാണ് നടത്തുന്നത്. ജലവിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരഹിരിക്കുന്നതിനുമായി അതോറിറ്റി ഉദ്യോഗസ്ഥര്‍ എല്ലായിടങ്ങളിലും പരിശോധനയും നടത്തിവരുന്നുമുണ്ട്.

Story Highlights : 5 Lakh Litres of Drinking Water in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here