വിനേഷിൻ്റെ വൈദ്യ സംഘം കഠിനാധ്വാനം നടത്തിയെന്ന് ആദ്യം പ്രതികരണം; ഉത്തരവാദി താരം മാത്രമെന്ന് നിലപാട് മാറ്റി ഐഒഎ
ഒളിംപിക്സ് ഗുസ്തിയിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയായ വിനേഷ് ഫോഗട്ടിനാണ് ഭാരം നിയന്ത്രിക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. താരം അയോഗ്യയായപ്പോൾ തങ്ങൾ കഠിനമായി അധ്വാനിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയ അസോസിയേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ദിൻഷ്വാ പർദിവാലയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിനേഷ് ഫോഗട്ടിനെ കുറ്റപ്പെടുത്തിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ഫൈനൽ മത്സരത്തിൻ്റെ തലേ രാത്രി മുഴുവൻ തങ്ങൾ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ കഠിനമായി അധ്വാനിച്ചുവെന്നാണ് ഓഗസ്റ്റ് ഏഴിന് വിനേഷിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായ ദിൻഷ്വാ പദിവാല പ്രതികരിച്ചത്. ഒളിംപിക്സ് വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം വിഭാഗത്തിലാണ് ഫൈനൽ മത്സരത്തിൻ്റെ അന്ന് രാവിലെ ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗട്ട് അയോഗ്യയായത്. തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മെഡിക്കൽ ഓഫീസർ പറഞ്ഞത് ഇങ്ങനെ – ഗുസ്തി താരങ്ങൾ സാധാരണ തങ്ങളുടെ ഭാരത്തിലും കുറഞ്ഞ ഭാര വിഭാഗത്തിലാണ് മത്സരിക്കാറുള്ളത്. അതിലൂടെ കൂടുതൽ മേൽക്കൈ നേടാൻ അവർക്ക് കഴിയാറുണ്ട്. ഞങ്ങൾ രാത്രി മുഴുവൻ വിനേഷിൻ്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ചു. താരത്തിൻ്റെ മുടി മുറിച്ചും വസ്ത്രം മുറിച്ചുമടക്കം ഇതിനായി ശ്രമിച്ചു. എന്നിട്ടും 50 കിലോഗ്രാമിൽ താഴെ ഭാരം എത്തിക്കാൻ സാധിച്ചില്ല.
എന്നാൽ ഓഗസ്റ്റ് 12 ന് രാവിലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വൈദ്യസംഘത്തിന് ഭാരം നിയന്ത്രിക്കുന്നതിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് ഒളിംപിക് അസോസിയേഷൻ വാദിക്കുന്നു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും സ്വന്തം സപ്പോർട്ട് ടീം ഉണ്ടായിരുന്നു. ഈ സംഘങ്ങൾ വർഷങ്ങളായി അത്ലറ്റുകൾക്കൊപ്പം പ്രവർത്തിക്കുന്നവരാണ്. എന്നാൽ ദിൻഷ്വാ പദിവാലയുടെ നേതൃത്വത്തിലുള്ള സംഘം 2 മാസം മുൻപാണ് താരത്തിനൊപ്പം ചേർന്നത്. താരത്തിന് പരിക്കേറ്റാൽ പരിചരിക്കുന്നതിനാണ് ഈ വൈദ്യ സംഘം പ്രവർത്തിക്കുന്നത്. സ്വന്തം ന്യൂട്രീഷനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഇല്ലാത്ത താരങ്ങളെയും ഈ വൈദ്യസംഘം സഹായിക്കും. എന്നാൽ പർദിവാലയ്ക്ക് എതിരെ കടുത്ത വിദ്വേഷ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
Story Highlights : IOA comment came in the wake of India’s wait for a verdict from Court of Arbitration for Sport (CAS) where Vinesh Phogat appealed for a joint silver medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here