ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി
ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി. ഒമ്പത് അംഗങ്ങൾക്ക് പുറമേ കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരും ദേശീയ മെഡിക്കല്‍ കമ്മിഷന്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ് അധ്യക്ഷന്മാരും അടക്കം ഉൾപ്പെടുന്നതാണ് സമിതി. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേല്‍ ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം അഴിച്ചുവിടരുതെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസ് പരിഗച്ച സുപ്രിം കോടതി വിവിധ സംഘടനകൾ സമർപ്പിച്ച കക്ഷി ചേരൽ അപേക്ഷകളിലും ആമുഖവാദം കേട്ടു.
സേവനം ഭയരഹിതമായി നടത്താൻ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രപർത്തകർക്ക് സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ കർത്യവ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി . കൊല്‍ക്കത്തയിലെ അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാൾ സർക്കാരിനെ സുപ്രിം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സി.ബി.ഐ സമർപ്പിക്കുന്ന റിപ്പോർട്ട് സുപ്രിം കോടതി വ്യാഴാഴ്ച പരിശോധിക്കും.
അര്‍.ജി. കര്‍ ആശുപത്രിയിലെ വനിത ഡോക്ടർക്ക് കൊലപാതക ശേഷവും സ്വാഭാവിക നീതി ലഭിച്ചില്ലെന്നായിരുന്നു ആമുഖമായി സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് 8:45 ന് ഭൗതിക ശരിരം കൈമാറിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 11:45 വരെ വൈകി എന്നത് അവിശ്വസനിയമാണ്. സംഭവം ആത്മഹത്യ ആണെന്ന പ്രിൻസിപ്പലിന്റെ അനുചിത പ്രസ്താവന മുൻ വിധി ആണെന്നും സുപ്രിം കോടതി വ്യക്തമാക്കി.
സംഭവത്തെ തുടർന്നുണ്ടായ ആശുപത്രി ആക്രമണം തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം കൂടി ആകാം. അന്വേഷണം ആരംഭിച്ച സി.ബി.ഐ തൽസ്ഥിതി അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ബംഗാളിലും ബിഹാറിലും ഹൈദരാബാദിലും ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ അവശ്യമാണ്. ഇതിന് ആവശ്യമായ നടപടികളെടുക്കാന്‍ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Story Highlights : Medical Professionals’ Safety: National Task Force Formed By Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here