മോദിയുടെ പിൻഗാമി? അമിത് ഷാ, യോഗി, ഗഡ്കരി, രാജ്‌നാഥ് : സർവേ ഫലം ഇങ്ങനെ

രാജ്യത്ത് തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിൽ എത്തിയ നരേന്ദ്രമോദി 75 വയസ്സിലേക്ക് അടുക്കുകയാണ്. ഇതിനോടകം 10 വർഷത്തിലേറെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു. മോദിയുടെ പ്രായമേറും തോറും പൊതുവിൽ ഉയർന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ പിൻഗാമി ആരാകും എന്നത്. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവ്വേ 2024 ഓഗസ്റ്റ് എഡിഷൻ ഇതു സംബന്ധിച്ചു നടത്തിയ പഠനത്തിൽ കൂടുതൽ പേരും പിന്തുണയ്ക്കുന്നത് ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായെ.
സർവ്വേയിൽ പങ്കെടുത്തവരിൽ 25% പേരുടെ പിന്തുണയാണ് അമിത് ഷായ്ക്കുള്ളത്. ബിജെപിയുടെ മറ്റു മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് പിന്നിൽ. യോഗി ആദിത്യനാഥിന് 19 ശതമാനം പേരുടെ പിന്തുണയും നിതിൻ ഗഡ്കരിക്ക് 13% പേരുടെ പിന്തുണയുമാണ് ഉള്ളത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര കാർഷിക മന്ത്രിയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്ക് അഞ്ച് ശതമാനം പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇതേ വിഷയത്തിൽ ഈ വർഷം ഫെബ്രുവരിയിലും കഴിഞ്ഞവർഷം ഓഗസ്റ്റിലും നടത്തിയ സർവ്വേഫലത്തിൽ അമിത് ഷായുടെ നില കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. ഫെബ്രുവരിയിൽ 28 ശതമാനം പേരുടെ പിന്തുണയും കഴിഞ്ഞവർഷം ഓഗസ്റ്റിൽ 29% പേരുടെ പിന്തുണയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഉണ്ടായിരുന്നു. അതേസമയം ദക്ഷിണേന്ത്യയിൽ ഇത്തവണത്തെ സർവ്വേ ഫലം പ്രകാരം 31 ശതമാനം പേരും വിശ്വസിക്കുന്നത് അമിത് ഷായാണ് മോദിക്ക് മികച്ച പിൻഗാമി എന്നാണ്.
ഇന്ത്യ ടുഡേയ്ക്ക് വേണ്ടി C- വോട്ടർ ആണ് ഈ സർവ്വേ നടത്തിയത്. എല്ലാവർഷവും 2 തവണ ഈ സർവ്വേ നടത്താറുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള 40591 പേർ സർവ്വേയിൽ പ്രതികരിച്ചു.
Story Highlights : India Today survey report on successor of Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here