രഞ്ജിത്തിന്റെ രാജി അനിവാര്യമെന്ന് എൽഡിഎഫ്; സിദ്ദിഖിനെതിരെ നിയമനടപടിക്കും ആലോചന
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകൻ രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് ഇടതുമുന്നണിയിൽ വിലയിരുത്തൽ. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും രാജി വെയ്ക്കുന്നതാണ് ഉചിതമെന്നാണ് ഇടതു മുന്നണിയിലെ ചർച്ച. നടൻ സിദ്ദിഖിനെതിരെ നിയമ നടപടിയെടുക്കാനും ആലോചനയുണ്ട്. യുവ നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിൻ്റെ രാജിയുടെ തീരുമാനം.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരാരോപണവുമായാണ് യുവനടി രേവതി സമ്പത്ത് ഇന്ന് രംഗത്തെത്തിയത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.
പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. ആ ദുരനുഭവം പറയാൻ പോലും സമയമെടുത്തു. ഉന്നതരായ പല ആളുകളും മാറ്റിനിർത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ക്രിമിനൽ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനൽ ആക്ടിവിറ്റിയാണ് നടൻ തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ല. അത്രത്തോളം പീഡനം അനുഭവിച്ചതിനാൽ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : LDF on Ranjith’s resignation, Siddique allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here