Advertisement

‘സർക്കാരിന്റേത് ഇരട്ടത്താപ്പ്; മുകേഷ് അടിയന്തരമായി രാജി വെക്കണം; മലയാള സിനിമയിൽ മട്ടാഞ്ചേരി മാഫിയ പിടിമുറുക്കി’; കെ സുരേന്ദ്രൻ

August 27, 2024
Google News 2 minutes Read

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോപണം നേരിടുന്ന മുകേഷ് രാജി വെക്കേണ്ടതില്ലെന്ന സർക്കാർ നിലപാടി ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. ഉദ്ദേശ ശുദ്ധിയിൽ നിന്ന് വിപരീത ദിശയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരോപണം ഉയർന്നപ്പോൾ രഞ്ജിത്തും സിദ്ദീഖും രാജിവച്ചു. എന്നാൽ ആരോപണം മുകേഷിനെതിരെ വന്നപ്പോൾ രാജി വയ്ക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. പാർട്ടിയുടെയും അതേ നിലപാട്. ഇത് ഇരട്ടത്താപ്പ്. രഞ്ജിത്തിനെയും സിദ്ദീഖിനെക്കാളും ധാർമിക ബാധ്യത ഒരു നിയമസഭാംഗത്തിന് ഉണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത് സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയാണെന്നും ഇഷ്ടക്കാർ ആണെങ്കിൽ എന്തുമാവാം എന്ന സ്വജനപക്ഷപാതമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ‘കോടതി എന്തെങ്കിലും പറഞ്ഞോ? ഉള്ളത് ആരോപണങ്ങൾ മാത്രം’: മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി

മൂന്നു ഗൗരവമായ ആരോപണമാണ് മുകേഷിനെതിരെ ഉയർന്ന് വന്നത്. മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ മനസ്സ് കാണിക്കുന്നയാളാണ്. മുകേഷ് അടിയന്തരമായി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ രാജി എഴുതി വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ മുനയിലാക്കിയത് സർക്കാരാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.

മുകേഷിനെ കോൺക്ലേവിൽ പങ്കെടുപ്പിക്കാൻ അനുവദിക്കില്ല. പങ്കെടുത്താൽ കോൺക്ലേവ് തന്നെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. മലയാളം സിനിമയിൽ മട്ടാഞ്ചേരി മാഫിയ എന്ന പേരിൽ ഒരു മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലഹരി മാഫിയ ഉൾപ്പെടെ ഇവിടെനിന്നാണ് വരുന്നത്. സർക്കാർ ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മട്ടാഞ്ചേരി മാഫിയയുടെ പ്രവർത്തനങ്ങൾ കൂടി ശ്രദ്ധയിൽ വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

Read Also: ‘പാർട്ടിയും സർക്കാരും പ്രതിരോധത്തിൽ ആകില്ല; വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്’: മന്ത്രി കെ എൻ ബാലഗോപാൽ

മുകേഷിനെ പിന്തുണച്ചുള്ള കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ പ്രതികരണത്തിലും സുരേന്ദ്രൻ പ്രതികരിച്ചു. ചലച്ചിത്ര നടൻ എന്ന നിലയിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിൻറെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടാകും. സുരേഷ് ഗോപിയുടെ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ വിലകുറച്ചു കാണുന്നില്ല. പാർട്ടിയുടെ നിലപാട് മുകേഷ് രാജിവെക്കണമെന്ന് തന്നെയാണ്. ആർക്ക് ആരുടെ അഭിപ്രായം ഉണ്ടെങ്കിലും പാർട്ടിയുടെ നിലപാട് മുകേഷിൻ്റെ രാജി തന്നെയാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights : BJP State president K Surendran demands M Mukesh resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here