ഇറാൻ ഭയന്ന് മുട്ടുമടക്കുന്നോ? അമേരിക്കയുമായി ചർച്ചക്ക് തയാറായി അയത്തൊള്ള അൽ ഖമേനി
ആണവ പദ്ധതിയിൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അൽ ഖമേനി. അമേരിക്കയുമായി ചർച്ച നടത്തുന്നതിന് തടസമൊന്നുമില്ലെന്ന് അദ്ദേഹം ഇറാനിലെ സിവിലിയൻ സർക്കാരിനോട് വ്യക്തമാക്കി. അമേരിക്കയെ ശത്രുവായി പ്രഖ്യാപിച്ച് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന ഇറാൻ ഭരണകൂടം ഒടുവിൽ ഭയന്ന് മുട്ടുമടക്കുകയാണോയെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.
പരിഷ്കരണവാദിയായ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ നേതൃത്വത്തിലെ സർക്കാരിന് രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്കയുമായി ചർച്ചയ്ക്ക് അവസരം തുറക്കുന്നതാണ് അയത്തൊള്ളയുടെ നിലപാട്. എന്നാൽ അമേരിക്കയ്ക്ക് മേലുള്ള അവിശ്വാസം അയത്തൊള്ള അൽ ഖമേനി അപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുൻപ് 2015 ലാണ് അമേരിക്കയും ഇറാനും ആണവ കരാർ സംബന്ധിച്ച ചർച്ച നടത്തിയത്. അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിൽ നിന്ന് ഇളവ് നേടുകയായിരുന്നു അന്നത്തെ ലക്ഷ്യം. സമാനമായ നിലയിലാണ് ഇപ്പോഴത്തെ നീക്കം.
എങ്കിലും മസൂദ് പെസെഷ്‌കിയന് ചർച്ചകളിൽ എത്രത്തോളം ഉദാര നിലപാട് സ്വീകരിക്കാൻ സാധിക്കുമെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. മേഖലയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായ സാഹചര്യത്തിലാണ് ചർച്ചകൾക്കുള്ള വഴി തുറക്കുന്നത് എന്നതും ശ്രദ്ധേയം.
വീഡിയോ സന്ദേശത്തിൽ പെസെഷ്കിയൻ സർക്കാരിന് കൃത്യമായ മുന്നറിയിപ്പാണ് അയത്തൊള്ള അൽ ഖമേനി നൽകുന്നത്. അമേരിക്കയെ ശത്രുവെന്ന് തന്നെ വിശേഷിപ്പിച്ച് കൊണ്ടായിരുന്നു പ്രസംഗത്തിലുടനീളം അദ്ദേഹം സംസാരിച്ചത്. പ്രത്യാശ മുഴുവൻ ശത്രുവിൽ അർപ്പിക്കരുത്, ഇറാൻ്റെ പദ്ധതികൾക്ക് ശത്രുക്കൾ അനുമതി നൽകേണ്ട സാഹചര്യം ഉണ്ടാവരുത് എന്നും ഓർമ്മിപ്പിച്ച അയത്തൊള്ള ശത്രുവിനെ വിശ്വസിക്കരുതെന്നും ഔദ്യോഗിക ടെലിവിഷൻ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം അമേരിക്കൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഇറാൻ-അമേരിക്ക ബന്ധം വഷളായ ശേഷം ഒമാനും ഖത്തറുമാണ് ഇവർക്ക് ഇടയിൽ മധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. ഇൻ്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിക്ക് രാജ്യത്ത് പരിശോധനയ്ക്കുള്ള അനുമതി നിയന്ത്രിച്ച ഇറാൻ 60 ശതമാനം ശുദ്ധമായ യുറാനിയം ശേഖരിക്കുന്നുണ്ട്. ആയുധ നിർമ്മാണത്തിന് വേണ്ടിയാണ് ഇതെന്ന് സംശയിക്കപ്പെടുന്നു.
എന്നാൽ ഖമേനിയുടെ ഏറ്റവും പുതിയ പ്രതികരണം സമാധാന ചർച്ചകളുടെ വാതിൽ തുറക്കുന്നതിനാൽ അമേരിക്കയും കരുതലോടെയാകും മുന്നോട്ട് പോവുക. മസൂദ് പെസെഷ്‌കിയൻ സർക്കാരിലെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയാണ് 2015 ൽ അമേരിക്കയുമായി ആണവകരാർ ഒപ്പിടുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയത്. എങ്കിലും അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ ചർച്ചകളുടെ ഭാവി ത്രിശങ്കുവിലാണ്.
Story Highlights : Iran’s supreme leader signals willingness to negotiate with US on nuclear program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here