സിദ്ധിഖിനെതിരായ പരാതി; നടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും; രേഖകള്‍ ഹാജരാക്കാന്‍ മസ്‌കറ്റ് ഹോട്ടലിന് നിര്‍ദേശം
സിദ്ധിഖ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ ഉറച്ച് യുവനടി. കേസ് ഫയല്‍ മ്യൂസിയം പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സിദ്ധിഖിനെതിരായ കേസില്‍ അന്വേഷണ സംഘം ഇന്നാണ് നടിയുടെ മൊഴിയെടുത്തത്. രേഖകള്‍ ഹാജരാക്കണമെന്ന് മസ്‌കറ്റ് ഹോട്ടലിന് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. നടിയുടെ വൈദ്യപരിശോധനയും നടത്തിയിട്ടുണ്ട്. (police will record actress’s secret statement against sidhique)
ഈ മെയില്‍ മുഖേനെ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസ് എടുത്തത്. 2016ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് എടുത്തതിനു പിന്നാലെ പ്രത്യേകസംഘം യുവനടിയുടെ മൊഴി രേഖപ്പെടുത്തി.
Read Also: വഴി തടസപ്പെടുത്തിയെന്ന് സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
മൊഴിയില്‍ സിദ്ദിഖിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. ക്രൂരമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി എന്നും നടി പോലീസിന് മൊഴി നല്‍കി. രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തി. തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് ആകും രഹസ്യമൊഴിയെടുക്കുക.
സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിനും പോലീസ് നിര്‍ദേശം നല്‍കി. അതിനിടെ അറസ്റ്റ് ഭയന്ന് നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ നീക്കം തുടങ്ങി. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് ആലോചന. പരാതി അജണ്ടയാണ് എന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് യുവ നടിക്കെതിരെ നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്.
Story Highlights : police will record actress’s secret statement against sidhique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here